
assembly election 2021
ജയരാജന്‍ പറഞ്ഞത് തെറ്റായി ചിത്രീകരിച്ചു; സ്‌നേഹപ്രകടനങ്ങളില്‍ ജാഗ്രതയുണ്ട്- മുഖ്യമന്ത്രി
കണ്ണൂർ: വ്യക്തിപൂജ വിവാദത്തിൽ പി. ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചെന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വസ്തുതയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പി. ജയരാജന്റെ പിന്നാലെ മാധ്യമങ്ങൾ കൂടിയിരിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നും കൂട്ടിച്ചേർത്തു. പി.ജയരാജൻ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതയാണ്. അതിലെന്താണ് തെറ്റുള്ളതെന്നും അദ്ദേഹം ചോദിച്ചു.
'എവിടെയെങ്കിലും പോകുമ്പോൾ ചെറിയ കുഞ്ഞുങ്ങൾ പോലും സ്നേഹം പ്രകടിപ്പിക്കുകയാണ്. അതൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പ്രത്യേകതരത്തിലുള്ള അഭിനിവേശം എൽഡിഎഫിനോട് ഉണ്ടാകുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. പാട്ടെഴുതി എനിക്കൊരു വീട്ടമ്മ കൊണ്ട് തന്നിരുന്നു. കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. ജയരാജൻ പറഞ്ഞ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു പരിപാടിയുടെ ഭാഗമായി നമ്മൾ ചെല്ലുമ്പോൾ അവിടെയുളളവർ ആവേശപ്രകടനങ്ങളും മറ്റും കാണിക്കും.
സ്നേഹപ്രകടനങ്ങളും ആവേശപ്രകടനങ്ങളും കാണുമ്പോൾ ഇതൊക്കെ എന്റെ വ്യക്തിപരമായ കേമത്തരത്തിന്റെ ഭാഗമാണെന്ന് തോന്നി തലക്ക് വല്ലാതെ കനം കൂടിയാൽ അതൊരു പ്രശ്നമായി തീരും. അത് കമ്മ്യൂണിസ്റ്റുകാർക്ക് സാധാരണ ഉണ്ടാകാറില്ല. ഉണ്ടായാൽ പാർട്ടി തിരുത്തും. അതൊന്നും മറച്ച് വെക്കേണ്ടതില്ല. എന്റെ അനുഭവത്തിൽ ഇത്തരത്തിൽ ധാരാളം ആവേശപ്രകടനം കണ്ടിട്ടുണ്ട്. അതുകൊണ്ടൊന്നും എന്റെ രീതിയിൽ വ്യത്യാസം വരാൻ പോകുന്നില്ല. ഒരു കമ്മ്യൂണിസ്റ്റുകാരൻ കാത്ത് സൂക്ഷിക്കേണ്ട ജാഗ്രത പാലിച്ച് തന്നെ മുന്നോട്ടുപോകും' പിണറായി പറഞ്ഞു.
പാർട്ടിയാണ് ക്യാപ്റ്റനെന്ന് കോടിയേരിയും പറഞ്ഞു. അത് തന്നെയാണ് ശരി. പാർട്ടിക്ക് അതീതനായി എന്ന് ഒരാൾക്ക് തോന്നുമ്പോൾ അതിൽ തിരുത്തൽ വരുത്തും. ജയരാജൻ പാർട്ടിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. പാർട്ടിയെ നല്ലരീതിയിലാണ് അദ്ദേഹം പ്രതിരോധിച്ചത്. അതിനകത്ത് ഒരു തെറ്റുമില്ല. എന്നാൽ അത് വക്രീകരിച്ചാണ് മാധ്യമങ്ങൾ ചിത്രീകരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി