
kerala
ഫീസ് വൈകിയാൽ പുന:പ്രവേശന ഫീസ് ഈടാക്കരുത്; വിദ്യഭ്യാസ സ്ഥാപനങ്ങളെ വിലക്കി ബാലാവകാശ കമ്മീഷൻ
ഫീസ് അടയ്ക്കാൻ വൈകിയാല്‍ വിദ്യാർഥികളിൽ നിന്നും പുന:പ്രവേശന ഫീസ് ഈടാക്കുന്ന പ്രവണതയില്‍ നിന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലക്കി ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഇത് സംബന്ധിച്ച് ഉത്തരവായതായി കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ, സി ബി എസ് ഇ റീജിയണൽ ഡയറക്ടർ, ഐസിഎസ്ഇ സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ അംഗം കെ. നസീർ നിർദ്ദേശം നൽകി.
എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിലെ നടപടിയെക്കുറിച്ചുള്ള പരാതി തീർപ്പാക്കിയാണ് കമ്മീഷന്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ആ ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ ആയിരം രൂപ പുന:പ്രവേശനഫീസ് അടയ്ക്കണമെന്ന സ്‌കൂൾ മാനേജ്‌മെന്റിന്റെ നിർബന്ധം കമ്മീഷൻ പരിഗണിക്കവെയാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.
യഥാസമയം ഫീസ് ഒടുക്കാത്തവർ പിഴയും പുന:പ്രവേശനഫീസും അടയ്ക്കണമെന്ന് സ്‌കൂൾ ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന മാനേജ്‌മെന്റിന്റെ വാദം കമ്മീഷൻ തള്ളിക്കളഞ്ഞു.