assembly election 2021
വോട്ട് വീണത് മറ്റൊരു ചിഹ്നത്തില്‍; കല്‍പ്പറ്റയില്‍ വോട്ടെടുപ്പ് ഒരു മണിക്കൂര്‍ നിര്‍ത്തിവെച്ചു
കൽപ്പറ്റ: കൽപ്പറ്റയിൽ വോട്ടിങ് മെഷീനിൽ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് വോട്ടെടുപ്പ് ഒരു മണിക്കൂർ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അൻസാരിയ പബ്ലിക് സ്കൂളിലെ 54-ാം നമ്പർ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാർഥിക്കു പകരം മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയർന്നത്.
ഒന്നിലധികം പേരുടെ വോട്ടുകൾ ഇത്തരത്തിൽ മറ്റൊരു ചിഹ്നത്തിൽ രേഖപ്പെടുത്തപ്പെട്ടതായാണ് റിപ്പോർട്ട്. വോട്ട് ചെയ്ത ചിഹ്നമല്ല വിവി പാറ്റ് സ്ലിപ്പിൽ രേഖപ്പെടുത്തിയതെന്നാണ് ആരോപണം. ഇതിനെ തുടർന്ന് ബൂത്തിൽ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിർത്തിവെച്ചു. തുടർന്ന് കളക്ടറേറ്റിൽനിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീൻ പരിശോധിച്ചു. പത്ത് സ്ത്രീകളെയും പത്ത് പുരുഷൻമാരെയും കൊണ്ട് വോട്ട് ചെയ്യിച്ച് പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
പോളിങ് ബൂത്തിൽ മന്ത്രിമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യുപി സ്കൂളിലെ ബൂത്തിൽ സംഘർഷാവസ്ഥയുണ്ടായി. 51-ാം നമ്പർ ബൂത്തിലാണ് രാവിലെ 9.45 ഓടെ പ്രശ്നമുണ്ടായത്. ബൂത്തിൽ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഇത് നീക്കംചെയ്തു.