
assembly election 2021
ശോഭ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി; സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങളെന്ന് ആരോപണം
കഴക്കൂട്ടം: എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് പരാതി. കടകംപള്ളി സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ സജിയാണ് പരാതി നൽകിയത്.
തൃശ്ശൂർ കൊടകര വില്ലേജിൽ 917/പിടി 1 സർവേ നമ്പറിൽ പെടുന്ന 0.239 ഹെക്ടർ സ്ഥലം 58 ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി രൊക്കം പണമായി നൽകി വാങ്ങിയെന്നും, സത്യവാങ്മൂലത്തിൽ ഇത് 20 ലക്ഷമായാണ് കാട്ടിയിട്ടുള്ളതെന്നുമാണ് സജിയുടെ പരാതിയിൽ പറയുന്നത്.
2020-21 സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനം 50000 രൂപയെന്നും അതിന് മുമ്പുള്ള നാല് വർഷങ്ങളിൽ സാമ്പത്തികമായി വരുമാനമില്ലെന്നും സത്യവാങ്മൂലം നൽകിയിട്ടുള്ള ശോഭ എങ്ങനെയാണ് 58 ലക്ഷത്തിലധികം വിലവരുന്ന വസ്തുവാങ്ങിയതെന്നും പരാതിയിൽ ചോദിക്കുന്നു. മാത്രമല്ല 20 ലക്ഷത്തോളം വിലവരുന്ന ഇന്നോവ കാറ് വാങ്ങിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്ന ശോഭ ഇതിന്‍റെ വരുമാന ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.