Headlines
Loading...
ഭീതിയില്‍ രാജ്യം: പ്രതിദിന കോവിഡ് കേസുകള്‍ മൂന്നരലക്ഷത്തിലേക്ക്

ഭീതിയില്‍ രാജ്യം: പ്രതിദിന കോവിഡ് കേസുകള്‍ മൂന്നരലക്ഷത്തിലേക്ക്

ന്യൂഡൽഹി: ഭീതിയുയർത്തി രാജ്യത്ത കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,32,730 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. തുടർച്ചയായി രണ്ടാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ മൂന്ന് ലക്ഷം പിന്നിടുന്നത്.

കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,263 പേർ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്.

ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയർന്നു. മരണ സംഖ്യ 1,86,920 ആയി. നിലവിൽ ഇന്ത്യയിൽ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്.

കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു.

13,54,78,420 പേർ ഇതുവരെ വാക്സിനേഷൻ സ്വീകരിച്ചു.

ഡൽഹിയിൽ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മിക്ക ആശുപത്രികളും കടുത്ത വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്. ഡൽഹിയിൽ ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന 24 മണിക്കൂറിനിടെ 25 രോഗികൾ മരിച്ചു. 60 പേരുടെ നില ഗുരുതരമായി തുടരുകയാണ്.