Headlines
Loading...
കോവിഡ്: അടുത്ത രണ്ടാഴ്ച നിർണായകം

കോവിഡ്: അടുത്ത രണ്ടാഴ്ച നിർണായകം

ന്യൂഡൽഹി:കോവിഡ്-19 വ്യാപനം രാജ്യത്ത് അതിഗുരുതരമായിരിക്കുകയാണെന്നും അടുത്ത രണ്ടാഴ്ച വളരെ നിർണായകമാണെന്നും കേന്ദ്രവും നീതി ആയോഗും മുന്നറിയിപ്പുനൽകി.

“എല്ലാ സംസ്ഥാനങ്ങളിലും രോഗം കൂടിവരികയാണ്. സർക്കാരുകളും ജനങ്ങളും അലംഭാവം കാട്ടരുത്. ഇക്കുറി മഹാമാരി കഴിഞ്ഞവർഷത്തേതിനേക്കാൾ രൂക്ഷമാണ്. കോവിഡ് കൂടുതലുള്ള സംസ്ഥാനങ്ങൾ മാത്രമല്ല, മറ്റിടങ്ങളിലും ആർ.ടി.പി.സി.ആർ. പരിശോധനയും വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികളും പ്രതിരോധ കുത്തിവെപ്പും ശക്തമാക്കണം” -കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണും നീതി ആയോഗ് അംഗം ഡോ. വിനോദ് പോളും സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ രോഗവ്യാപനവും മരണവും താരതമ്യേന കുറവാണെന്ന് പറയാം. എന്നാൽ, സ്ഥിതി ഗുരുതരമായി മാറുകയാണെന്ന് ഡോ. പോൾ പറഞ്ഞു. രോഗവും മരണവും ഇടയ്ക്കു കുറഞ്ഞിരുന്നു. ചിലയിടങ്ങളിൽ താരതമ്യേന കേസുകൾ കുറവാണെന്നുകരുതി അലംഭാവം പാടില്ല. കേസും മരണവും കൂടാം. കുടുംബങ്ങൾക്കും സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും നഷ്ടങ്ങൾ സംഭവിക്കും. എന്നാൽ, സമീപഭാവിയിലെ രോഗവ്യാപനത്തെയും അതിന്റെ പ്രത്യാഘാതത്തെയും കുറിച്ച് സർക്കാരിന്റെ കണക്കോ വിലയിരുത്തലോ എന്താണെന്ന ചോദ്യത്തിന് അങ്ങനെ കണക്കാക്കി പറയുന്നത് ശരിയല്ലെന്ന് ഡോ. പോൾ പറഞ്ഞു.

കുംഭമേള: മാർഗരേഖ കർശനമായി പാലിക്കണമെന്ന് കേന്ദ്രം

ഹരിദ്വാറിലെ കുംഭമേള കോവിഡിന്റെ സൂപ്പർ സ്‌പ്രെഡിന് കാരണമാകുമെന്ന് ആശങ്ക ഉയർന്ന പശ്ചാത്തലത്തിൽ, നേരത്തേ നൽകിയ മാർഗരേഖ ഫലപ്രദമായി നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ഭക്തർ ഒത്തുകൂടുന്ന വലിയ ചടങ്ങാണ് കുംഭമേള. ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി അധികാരമേറ്റയുടൻ കേന്ദ്രത്തിന്റെ മാർഗരേഖ നിർത്തിവെച്ചു. സംസ്ഥാന സർക്കാർ സ്വന്തംനിലയ്ക്കുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിർദേശം ആവർത്തിച്ചത്.

“നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ സംഘങ്ങൾ അവിടം സന്ദർശിച്ച് സംസ്ഥാന ഉദ്യോഗസ്ഥരുമായും പൊതുജനങ്ങളുമായുമെല്ലാം ചർച്ചനടത്തിയശേഷമാണ് മാർഗരേഖ തയ്യാറാക്കിനൽകിയത്. അത് നടപ്പാക്കണം. ഇത്തരത്തിലുള്ള സംഗമങ്ങളും ആൾക്കൂട്ടങ്ങളും രോഗവ്യാപനമുണ്ടാക്കും. അതിനാൽ പ്രത്യേക മാർഗരേഖ എല്ലാവരും പാലിക്കണം” -നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.

കുംഭമേള നേരത്തേ നിർത്തിവെക്കുമോ എന്ന ചോദ്യത്തിന് ആരോഗ്യവകുപ്പ് സെക്രട്ടറിയോ നീതി ആയേഗ് അംഗമോ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ വ്യക്തമായ ഉത്തരം നൽകിയില്ല. മൂന്നരനാലു മാസംവരെ നീണ്ടുനിൽക്കാറുള്ള കുംഭമേള ഇക്കുറി ഒരുമാസമാണ് നടത്തുന്നതെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.