Headlines
Loading...
പരസ്യപ്രചാരണം അവസാനിച്ചു; സംസ്ഥാനത്ത് ചിലയിടങ്ങളിൽ സംഘര്‍ഷം

പരസ്യപ്രചാരണം അവസാനിച്ചു; സംസ്ഥാനത്ത് ചിലയിടങ്ങളിൽ സംഘര്‍ഷം

കൊല്ലം/ ഇടുക്കി: പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. കൊല്ലം അഞ്ചൽ കരിക്കോട്ട് എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് പോലീസ് ലാത്തിവീശി. ചടയമംഗലം മണ്ഡലത്തിലാണ് കരിക്കോട് പ്രദേശം ഉൾപ്പെടുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാനവേളയിൽ യു.ഡി.എഫ്.- എൽ.ഡി.എഫ്. പ്രവർത്തകർ രണ്ടിടത്തായി നിൽക്കുകയായിരുന്നു. അതിനിടെ ഇരുസംഘവും ഒരുമിച്ച് വരികയും ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. പിന്നീട് ഇത് സംഘർഷത്തിൽ കലാശിച്ചു. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇടുക്കി ചെറുതോണിയിലും എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് പോലീസും ദ്രുതകർമസേനയും ചേർന്ന് പ്രവർത്തകരെ പിരിച്ചുവിട്ടു. എന്നാൽ പരസ്യപ്രചാരണം അവസാനിച്ച് ഏഴുമണിക്ക് ശേഷം യു.ഡി.എഫ്. പ്രവർത്തകർ ടൗണിലേക്ക് എത്തി. ഇതിനു പിന്നാലെ എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. തുടർന്ന് പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി.

നിയന്ത്രണം ലംഘിച്ച് കൊട്ടിക്കലാശം

അതേസമയം തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിലെ ആര്യനാട്, വെള്ളനാട് മേഖലകളിൽ നിയന്ത്രണങ്ങൾ പാലിക്കാതെ കൊട്ടിക്കലാശം സംഘടിപ്പിച്ചു. കൊട്ടിക്കലാശം പാടില്ലെന്ന നിർദേശം ലംഘിച്ച് ഇടത്-വലത് പ്രവർത്തകർ ബൈക്ക് റാലിയും നടത്തി.