Headlines
Loading...
'കലാശക്കൊട്ട്' കലക്കനാക്കി മുന്നണികള്‍, ഇനി നിശബ്ദ പ്രചാരണം

'കലാശക്കൊട്ട്' കലക്കനാക്കി മുന്നണികള്‍, ഇനി നിശബ്ദ പ്രചാരണം

തിരുവനന്തപുരം: അട്ടിമറി വിജയം നേടാനും ചരിത്രം കുറിക്കാനും കച്ചകെട്ടിയിറങ്ങി മുന്നണികൾ. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം കൊട്ടിക്കയറി. കോവിഡിന്റെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം നിരോധിച്ചിരുന്നുവെങ്കിലും കലാശക്കൊട്ട് മുന്നണികൾ കലക്കനാക്കി. വയനാട് ജില്ലയിൽ പ്രചാരണം വൈകുന്നേരം ആറുമണിയോടെ അവസാനിച്ചു. മറ്റ് ജില്ലകളിൽ ഏഴുമണിയോടെയും പരസ്യ പ്രചാരണത്തിന് അവസാനമായി. കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമാണ് ഏപ്രിൽ ആറിന് നടക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിയും വിവിധയിടങ്ങളിൽ റോഡ് ഷോകളിൽ പങ്കെടുത്തു. വോട്ടുറപ്പിച്ചും അണികളെ ആവേശഭരിതരാക്കിയും എല്ലാ സ്ഥാനാർഥികളും മണ്ഡലത്തിലെ അവസാനവട്ട ഓട്ടപ്പാച്ചിലിലായിരുന്നു ഇന്ന്. നാളത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം ഏപ്രിൽ ആറിന് കേരളം പോളിങ് ബൂത്തിലേക്കു പോകും.

കണ്ണൂരിലെ ധർമടത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഷോ നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി ഉടുമ്പൻചോലയിലും രാഹുൽ ഗാന്ധി കോഴിക്കോട്ടും നേമത്തും റോഡ് ഷോകളിൽ പങ്കെടുത്തു. ഭരണത്തുടർച്ചയെന്ന ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. അതേസമയം ഭരണം തിരിച്ചു പിടിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിലാണ് യു.ഡി.എഫിന്റെ നീക്കം. കൂടുതൽ സീറ്റുകൾ നേടി സ്ഥിതി മെച്ചപ്പെടുത്താനാണ് എൻ.ഡി.എ.യുടെ ശ്രമം.

അതേസമയം സംസ്ഥാനത്ത് ചിലയിങ്ങളിൽ സംഘർഷവുണ്ടായി. കൊല്ലം കരിക്കോട്ടും ഇടുക്കി ചെറുതോണിയിലും എൽ.ഡി.എഫ്.-യു.ഡി.എഫ്. സംഘർഷമുണ്ടായി.

വടക്കൻ മണ്ഡലങ്ങൾ

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 48 മണ്ഡലങ്ങൾ ഉൾപ്പെടുന്ന വടക്കൻ കേരളത്തിൽ നിലവിലുള്ള മേൽക്കൈ നിലനിർത്തുക എന്നത് ഭരണം നിലനിർത്താൻ എൽ.ഡി.എഫിന് നിർണായകമാണ്. നിലവിൽ നന്നായി ചുവന്ന ജില്ലകൾത്തന്നെയാണ് മലപ്പുറം ഒഴിച്ചുള്ള നാലു ജില്ലകളും. അതുകൊണ്ടുതന്നെ, മേധാവിത്തം നിലനിർത്താൻ എൽഡിഎഫും പിടിച്ചെടുക്കാൻ യുഡിഎഫും നടത്തുന്ന പോരാട്ടമാണ് വടക്കൻ കേരളത്തിലെ പൊതുവിലുള്ള തിരഞ്ഞെടുപ്പ് ചിത്രം.