national
മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 13 മരണം
മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിലെ വസായിലുള്ള ആശുപത്രിയിൽ തീപിടിച്ച് 13 കോവിഡ് രോഗികൾ വെന്ത് മരിച്ചു. വസായിലെ വിജയ് വല്ലഭ് ആശുപത്രിയിലെ കോബിഡ് സെൻ്ററിലെ ഐ.സി.യൂ ബെഡുകൾ പ്രവർത്തിച്ചിരുന്ന രണ്ടാം നിലയിൽ ആണ് പുലർച്ചെയോടെ തീപിടുത്തം ഉണ്ടായത്. ആശുപത്രിയിലെ മറ്റ് രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
അതേസമയം, രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാവിലെ 9ന് ഉന്നതതല യോഗം ചേരും. കോവിഡ് രോഗബാധ അതിതീവ്രമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി തുടർന്ന് മോദി ചർച്ച നടത്തും. 12.30 ന് മെഡിക്കൽ ഓക്സിജൻ ഉൽപാദക കമ്പനികളുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് നടത്തും. പ്രധാനമന്ത്രിയുടെ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി. മാൽഡ, മുർഷിദാബാദ്, കൊൽക്കത്ത, ബോൽപുർ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രിയുടെ റാലികൾ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് 500ൽ താഴെ മാത്രം ആളുകൾ പങ്കെടുക്കുന്ന വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരുന്നത്.