Headlines
Loading...
സംസ്ഥാനത്ത് ബാറുകൾ ഞായറാഴ്ച തുറക്കും; ബെവ്കോ ഔട്ട്ലെറ്റുകൾ രാത്രി 9 മണി വരെയാക്കും

സംസ്ഥാനത്ത് ബാറുകൾ ഞായറാഴ്ച തുറക്കും; ബെവ്കോ ഔട്ട്ലെറ്റുകൾ രാത്രി 9 മണി വരെയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ തുറക്കാൻ ഉത്തരവായി. കള്ള് ഷാപ്പുകളും ബിയർ-വൈൻ പാർലറുകളും തുറക്കും. ഞായറാഴ്ച(നാളെ) മുതൽ ബാറുകൾ തുറക്കും. ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം രാത്രി 9 മണി വരെ നീട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് എക്സൈസ് വകുപ്പ് മന്ത്രിയുടെ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു. ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചതോടെ ബാറുകൾ ഉടൻ തുറക്കുമെന്നാണ് വിവരം. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ബാറുകൾ തുറക്കുമെന്നാണ് റിപ്പോർട്ട്.

ബാറുകളും കള്ളുഷാപ്പുകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കനത്ത നിയന്ത്രണങ്ങളോടെയാകും അവ പ്രവർത്തിക്കുക. സാമൂഹിക അകലം, മാസ്ക്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കും. ബിയർ-വൈൻ പാർലറുകളും ക്ലബുകളിലെ മദ്യവിൽപനയും, എയർപോർട്ട് ലോഞ്ചുകളിലെ മദ്യവിൽപനയും അനുവദിക്കും.

ബാറുകൾ തുറക്കുന്നതോടെ മദ്യം പാഴ്സലായി വിൽക്കുന്നത് നിർത്തും. വിൽപന ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മാത്രമാക്കും. കൺസ്യൂമർഫെഡ് വിൽപ്പനശാലകളിലും പാഴ്സൽ വിൽപ്പന തുടരും. അതേസമയം ബെവ്ക്യൂ ആപ്പിന്‍റെ പ്രവർത്തനം തുടരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.

കോവിഡ് വ്യാപനത്തോടെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ബിയർ-വൈൻ പാർലറുകളും അടച്ചത്. പിന്നീട് ലോക്ക്ഡൌൺ പിൻവലിച്ചതോടെയാണ് ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും വഴി പാഴ്സലായി മദ്യം വിൽക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ഇതിനായി ബെവ്ക്യു ആപ്പും കൊണ്ടുവന്നു. രോഗവ്യാപനം കുറഞ്ഞതോടെയാണ് ഇപ്പോൾ ബാറുകളും മറ്റും തുറക്കാൻ തീരുമാനിച്ചത്.