News update
നാളെ മുതൽ വിസ പുതുക്കാൻ ഫീസ്, പ്രവാസികൾക്ക് മൂന്ന് മാസം സമയം
ദുബായ് :കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിസാനിയമങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങളിൽ യു.എ.ഇ. ഒട്ടേറെ ഭേദഗതികൾ വരുത്തുന്നു.പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കാണുകയും അന്തരീക്ഷം പഴയ നിലയിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗം ചില ഭേദഗതികൾക്ക് രൂപം നൽകിയത്. താമസ വിസ, സന്ദർശക വിസ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ കാര്യത്തിലെല്ലാം ഭേദഗതിയുണ്ട്. ഇതുവരെ ഈ കാര്യങ്ങളിലുണ്ടായിരുന്ന മാറ്റങ്ങളും ഇളവുകളും ജൂലായ് 11-ന് അവസാനിക്കും. ജൂലായ് 12 മുതൽ രേഖകൾ പുതുക്കാനും മറ്റും നിശ്ചിത ഫീസ് ഈടാക്കും. താമസ വിസ ഉൾപ്പെടെയുള്ള രേഖകൾ പുതുക്കിയെടുക്കുന്നതിന് പൗരന്മാർക്കും പ്രവാസികൾക്കും മൂന്ന് മാസത്തെ കാലാവധി ഇളവായി അനുവദിച്ചിട്ടുണ്ട്.
* യു.എ.ഇ.ക്ക് പുറത്ത് ആറ് മാസത്തിൽ കുറവ് താമസിക്കേണ്ടിവന്നവർക്ക് അവർ രാജ്യത്ത് പ്രവേശിച്ചത് മുതൽ ഒരു മാസം രേഖകൾ പുതുക്കാൻ കാലാവധി ഉണ്ടായിരിക്കും.
* 2020 മാർച്ച് ഒന്നിന് രേഖകളുടെ കാലാവധി അവസാനിക്കുകയോ ആറ് മാസത്തിൽ കൂടുതൽ യു.എ.ഇ.ക്ക് പുറത്ത് താമസിക്കുകയോ ചെയ്തവർക്ക് അവർ യു.എ.ഇ. യിൽ തിരിച്ചെത്തുന്നതിന് പ്രത്യേക കാലാവധി ഇളവായി ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കുന്ന തീയതി മുതലായിരിക്കും ഈ ഇളവ്. ഓരോ രാജ്യത്തുനിന്നുമുള്ളവരുടെ ഇളവ് കാലാവധി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് നിശ്ചയിക്കും.
* കാലാവധി കഴിഞ്ഞ് ശരിയാക്കുന്ന രേഖകൾക്ക് നിശ്ചിത ഫീസിന് പുറമെ പിഴയും നൽകേണ്ടിവരും. കാലാവധിക്കുള്ളിൽ രേഖകൾ ശരിയാക്കുന്നവരിൽനിന്ന് പിഴ ഈടാക്കില്ല.