kerala
ഒരേയൊരു കുഞ്ഞൂഞ്ഞ്; ഉമ്മൻ ചാണ്ടി ഇല്ലാതെ ഒരാണ്ട്; അനുസ്മരിച്ച് രാഷ്ട്രീയ കേരളം Kerala
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക് ജൂലൈ 18 വ്യാഴാഴ്ച ഒരാണ്ട്. ഉമ്മൻചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവർഷം പിന്നിടുകയാണ്. വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ നാട് ഓർമിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻചാണ്ടി ഇപ്പോഴും നികത്താൻ ആകാത്ത വിടവായി നിലകൊള്ളുന്നു.
ഓർമയായി ഒരു വർഷം എത്തുമ്പോഴും ഉമ്മൻചാണ്ടിയോടുള്ള ഹൃദയബന്ധം പുതുപ്പള്ളിക്ക് അവസാനിക്കുന്നില്ല. പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ഒരുവർഷം പിന്നിടുമ്പോഴും ഒഴിയാത്ത ജന പ്രവാഹമാണ്. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഇടയ്ക്കൊന്ന് കടന്നെങ്കിലും നിത്യശാന്തതയുടെ ഇടമായി ഈ കല്ലറ മാറി. എല്ലാ ഞായറാഴ്ചയും സഹായം തേടി എത്തിയിരുന്നവർ ഇപ്പോഴും വരുന്നുണ്ട്. പലരും കല്ലറയിൽ ഒരു നിവേദനം വെച്ച ശേഷമാണ് എംഎൽഎയും ഉമ്മൻചാണ്ടിയിടെ മകനുമായ ചാണ്ടി ഉമ്മനെ കാണുന്നത്. ചില ബന്ധങ്ങൾ ഒരിക്കലും അവസാനിക്കില്ല എന്ന് പറയാറുണ്ട്. പുതുപ്പള്ളിയിലെ ഈ കല്ലറ ഓർമ്മിപ്പിക്കുന്നത് അതാണ്. പുതുപ്പള്ളി ഉമ്മൻചാണ്ടിയെയും. ഉമ്മൻചാണ്ടി പുതുപ്പള്ളിയെയും കൈവിടുന്നില്ല.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് സ്ഥാനാർഥികളുടെ രാഷ്ട്രീയ തീർത്ഥാടന കേന്ദ്രം കൂടിയായിരുന്നു പുതുപ്പള്ളി. ഉമ്മൻചാണ്ടിയുടെ വിടവ് ഓർത്തുകൊണ്ടാണ് അവർ ഓരോരുത്തരും മടങ്ങിയത്. ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയും ഇതിനൊപ്പം കൂടുതൽ വളർന്നു. തീർഥാടന പാക്കേജുകളിൽ വരെ പുതുപ്പള്ളി ഇടം പിടിച്ചു.
വിപുലമായ പരിപാടികളോടെ വ്യാഴാഴ്ച കുഞ്ഞൂഞ്ഞിന്റെ ഒന്നാം ചരമവാർഷികം ആചരിക്കുക. ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പുതുപ്പള്ളിയിലേക്ക് നാളെ എത്തും. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാളെ കോട്ടയത്ത് വിപുലമായ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.