Headlines
Loading...
പരസ്യപ്രചാരണം അവസാനിച്ചു; ആവേശത്തില്‍ പങ്കുചേര്‍ന്ന് സ്ഥാനാര്‍ഥികളും അണികളും

പരസ്യപ്രചാരണം അവസാനിച്ചു; ആവേശത്തില്‍ പങ്കുചേര്‍ന്ന് സ്ഥാനാര്‍ഥികളും അണികളും

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് പാമ്പാടിയില്‍ ആവേശകരമായ അന്ത്യം. അണികളുടെ ആവേശത്തില്‍ പങ്കുചേരാന്‍ സ്ഥാനാര്‍ഥികളും നേതാക്കളും കൂടി എത്തിച്ചേര്‍ന്നതോടെ പാമ്പാടി ജനസാഗരമായി. വിജയം സുനിശ്ചിതമെന്നാണ് മുന്നണികളെല്ലാം ആവര്‍ത്തിക്കുന്നത്. 

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ തുടര്‍ച്ചയുണ്ടാകുമെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ചാണ്ടി ഉമ്മനും കോണ്‍ഗ്രസും പറയുമ്പോള്‍ മാറ്റത്തിന്റെ കാറ്റാണ് മണ്ഡലത്തിലെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. വികസനത്തിന്റെ രാഷ്ട്രീയം ചര്‍ച്ചയാകുമെന്ന് എല്‍ഡിഎഫും അന്‍പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു. 


കലാശക്കൊട്ട് പടക്കം പൊട്ടിച്ചാഘോഷിക്കുന്ന അണികള്‍
പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിച്ചാണ് സ്ഥാനാര്‍ഥികള്‍ പരസ്യപ്രചാരണം അവസാനിപ്പിച്ചത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വോട്ടര്‍മാരെ തേടി ഒരിക്കല്‍ കൂടി സ്ഥാനാര്‍ഥികള്‍ ഓടിയെത്തി. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം അഞ്ചാം തിയതി പുതുപ്പള്ളി പോളിങ്ബൂത്തിലെത്തും. എട്ടാം തിയതിയാണ് വോട്ടെണ്ണല്‍. 52 വര്‍ഷം ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന മണ്ഡലം മകന്‍ ചാണ്ടി ഉമ്മനൊപ്പം നില്‍ക്കുമോ അതോ 'കൈ' വിട്ട് എല്‍ഡിഎഫിനൊപ്പം പോകുമോ എന്ന് കണ്ടറിയാം. വിജയിക്കേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അന്ത്യന്താപേക്ഷിതവും ജയിച്ചാല്‍ എല്‍ഡിഎഫിന് സെ‍ഞ്ചറി നേട്ടത്തിലേക്കും എത്താം.