kerala
അന്ന് അച്ഛനെതിരെ, ഇന്ന് മകനെതിരെ; ജെയ്ക് മൂന്നാം തവണ ഇറങ്ങുമ്പോൾ പുതുപ്പള്ളി തുണയ്ക്കുമോ
അഞ്ച് പതിറ്റാണ്ട് ഉമ്മൻ ചാണ്ടിയെ മാത്രം തുണച്ച പുതുപ്പള്ളിക്കാർ ഇനി ആരെ പിന്തുണയ്ക്കും? മകൻ ചാണ്ടി ഉമ്മനെയോ അതോ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഉമ്മൻ ചാണ്ടിയോട് മികച്ച മത്സരം കാഴ്ച വച്ച ജെയ്ക് സി തോമസിനെയോ? കന്നിയങ്കക്കാരനെങ്കിലും ഉമ്മൻ ചാണ്ടിയുടെ മകന് മണ്ഡലത്തിൽ മറ്റൊരു മേൽ വിലാസത്തിന്റെ ആവശ്യമില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷണം. എന്നാൽ ഉമ്മൻ ചാണ്ടിയെന്ന അധികായനെ 2016ലെ 27092 വോട്ടെന്ന ഭൂരിപക്ഷത്തിൽ നിന്ന് 2021 ൽ വെറും 9044 എന്ന ഭൂരിപക്ഷത്തിലേക്ക് പിടിച്ചിറക്കിയ ജെയ്ക് നിസ്സാരക്കാരനല്ലെന്നത് മത്സരം കടുപ്പിക്കും.
ഉമ്മൻ ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 9044 എന്ന നിലയിലേക്ക് കുറയ്ക്കാൻ രണ്ടാമൂഴത്തിൽ ജെയ്കിന് സാധിച്ചിരുന്നു. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിനോട് രണ്ട് തവണയും പരാജയപ്പെട്ട ജെയ്ക് തന്നെയാണ് മകൻ ചാണ്ടി ഉമ്മനെതിരെയും കളത്തിലിറങ്ങുന്നത് എന്നതാണ് ഉപതിരഞ്ഞെടുപ്പിലെ രസച്ചരട്. തോൽവിയുടെ രുചിയറിഞ്ഞെങ്കിലും ശക്തമായ മത്സരമാണ് ജെയ്ക് കാഴ്ചവച്ചതെന്ന വസ്തുത മറന്നുകൂടാ.
ആദ്യമായി നിയമസഭയിൽ മത്സരിക്കുമ്പോൾ ജെയ്കിന്റെ പ്രായം 26. ഉമ്മൻ ചാണ്ടി ഇതേ പുതുപ്പള്ളിയിൽ നിന്ന് മത്സരിച്ച് ജയിക്കുമ്പോൾ പ്രായം 27. അന്നേ ഈ താരതമ്യങ്ങൾ ചർച്ചയായതുമാണ്. പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടർ തന്നെയാണ് ജെയ്ക് എന്നതും ജെയ്കിന് മണ്ഡലത്തിൽ സ്വീകാര്യത കൂട്ടുന്നുണ്ട്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ജെയ്ക്കിന്റെ പേര് ഉയർന്നുവന്നിരുന്നെങ്കിലും പിന്നീട് കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവർക്കും സാധ്യത തെളിഞ്ഞിരുന്നു. എന്നാൽ ചാണ്ടി ഉമ്മനോട് ജെയ്ക് തന്നെ മത്സരിക്കട്ടെയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്കിന് അനുകൂല ഘടകമായി.
2016ലും 2021ലും ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ ജെയ്ക്കോ എന്ന പരിഹാസം കോൺഗ്രസ് ക്യാമ്പുകളിലുടനീളം ഉയർന്നുകേട്ടിരുന്നു. 2016 ൽ കന്നിയങ്കക്കാരനെ നിഷ്പ്രയാസം മുട്ടുകുത്തിച്ചെങ്കിലും 2021 ഉമ്മൻ ചാണ്ടിക്ക് അത് എളുപ്പമായിരുന്നില്ല, കാരണവുമുണ്ട്. ജെയ്ക്ക് പുതുപ്പള്ളി മണ്ഡലത്തിലെ മണർക്കാട് പഞ്ചായത്തുകാരൻ തന്നെയാണെന്നത് ഒന്നാമത്തെ ഘടകം. യാക്കോബായ സഭയ്ക്ക് ജെയ്ക് പ്രിയങ്കരനാണെന്നത് മറ്റൊന്ന്.
ഉമ്മൻ ചാണ്ടിയോട് യാക്കോബായ സഭയ്ക്കുള്ള എതിർപ്പ് വോട്ടാക്കാൻ അന്ന് സാധിച്ചുവെന്നതാണ് രണ്ടാം അങ്കത്തിൽ ജെയ്കിന് നേട്ടമായത്. ജെയ്കിന് യാക്കോബായ സഭ പരസ്യപിന്തുണ നൽകുക കൂടി ചെയ്തിരുന്നു. മണർക്കാട്, പാമ്പാടി പഞ്ചായത്തുകൾ അക്ഷരാർത്ഥത്തിൽ ജെയ്കിനൊപ്പമായിരുന്നു. യാക്കോബായ - ഓർത്തഡോക്സ് സഭാ തർക്കം കോൺഗ്രസിന് വിനയാകുന്ന കാഴ്ചയായിരുന്നു അന്ന് കണ്ടത്. ജെയ്ക് വിജയിച്ചാൽ യാക്കോബായ - ഓർത്തഡോക്സ് പള്ളി തർക്കത്തിൽ അനുകൂല നിയമം കൊണ്ടുവരുമെന്ന മണർക്കാട് പള്ളി സഹവികാരിയുടെ ശബ്ദ സന്ദേശം വിവാദമാകുകയും ചെയ്തിരുന്നു.
കോട്ടയം താലൂക്കിലെ അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും ചങ്ങനാശേരി താലൂക്കിലെ വാകത്താനം പഞ്ചായത്തും ചേർന്ന മണ്ഡലമാണ് പുതുപ്പള്ളി. മീനടവും അയർക്കുന്നവുമൊഴിച്ച് മറ്റ് ആറ് പഞ്ചായത്തുകളും ഭരിക്കുന്നത് എൽഡിഎഫാണ്. 17 സഹകരണ സംഘങ്ങളിൽ 14 ന്റെ ഭരണവും ഇടതുമുന്നണിയുടെ കൈകളിലാണെന്ന ആത്മവിശ്വാസവും ജെയ്കിന് മുതൽക്കൂട്ടാണ്.
ഉമ്മൻ ചാണ്ടിക്കെതിരെ 2021-ൽ മണർകാട് പഞ്ചായത്തിൽ 1213 വോട്ടിന് മുന്നിലെത്താൻ ജെയ്‌കിന് സാധിച്ചിരുന്നുവെന്നത് 2023 ലും സിപിഐഎമ്മിന് പ്രതീക്ഷ നൽകുന്നു. വെറും 50വോട്ടിന്റെ ലീഡ് മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാമ്പാടിയിൽ ഉമ്മൻ ചാണ്ടിക്ക് ലഭിച്ചതെന്നതും ആഞ്ഞൊന്ന് പിടിച്ചാൽ ചാണ്ടി ഉമ്മനെ മലർത്തിയടിക്കാമെന്ന ആത്മവിശ്വാസം പാർട്ടിക്ക് നൽകുന്നുണ്ട്. മീനടത്ത് 988, കൂരോപ്പടയിൽ 1020, അകലക്കുന്നത്ത് 1820, അയർക്കുന്നത്ത് 1430, പുതുപ്പള്ളിയിൽ 2634, വാകത്താനത്ത് 1508 എന്നിങ്ങനെയായിരുന്നു മറ്റ് പഞ്ചായത്തുകളിലെ ഉമ്മൻചാണ്ടിയുടെ ലീഡ്.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അതേ വർഷം തന്നെയാണ് ജെയ്ക് ഉമ്മൻ ചാണ്ടിക്കെതിരെയിറങ്ങുന്നത്. ആദ്യ ഊഴം തന്നെ അന്നത്തെ മുഖ്യമന്ത്രിയോടായിരുന്നുവെന്നതാണ് ജെയ്കിന്റെ രാഷ്ട്രീയ ജീവിതത്തിലെ കൗതുകം. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഇങ്ങനെ പൊതുപ്രവർത്തനത്തിൽ ജെയ്ക് ഒരുപടി മുന്നിലാണ്. ഈ ഘടകങ്ങളെല്ലാം ഇത്തവണയും വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി മൂന്നാമതും ജെയ്കിനെ തന്നെ പുതുപ്പള്ളിയിലിറക്കുന്നത്.
എന്നിരുന്നാലും ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷമുള്ള പുതുപ്പള്ളി തെരഞ്ഞെടുപ്പ് ജെയ്കിന് അത്ര എളുപ്പമാകില്ല. ഉമ്മൻ ചാണ്ടിയുടെ അസാന്നിദ്ധ്യത്തിൽ പ്രചാരണം ശക്തമാക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം തന്നെ സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് തങ്ങളുടെ അപ്രമാദിത്തം ഉറപ്പിച്ചു കഴിഞ്ഞു. അന്നുമുതൽ പ്രചാരണങ്ങളിൽ സജീവമാണ് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന വികസനം എണ്ണിപ്പറഞ്ഞും ഇടതുമുന്നണിയെ കണ്ണൂരിലെ വികസനം പറയാൻ വെല്ലുവിളിച്ചുമാണ് തുടക്കം.
കന്നിയങ്കമെങ്കിലും താൻ മണ്ഡലത്തിലെ സ്ഥിരം സാന്നിദ്ധ്യമാണെന്നാണ് ചാണ്ടി ഉമ്മൻ്റെ ആത്മവിശ്വാസം. ഭാരത് ജോഡോ യാത്രയിൽ 400 കിലോമീറ്റർ രാഹുലിനൊപ്പം സഞ്ചരിച്ചിരുന്നു ചാണ്ടി ഉമ്മൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തിറങ്ങിയ ചാണ്ടി ഉമ്മൻ പിന്നീട് ഡൽഹിയിലേക്ക് ചേക്കേറി. അവിടെ ഡൽഹി സെൻ്റ് സ്റ്റീഫൻ കോളേജ് യൂണിയൻ ചെയർമാനായി ദേശീയ വിദ്യാർത്ഥി രാഷ്ട്രീയത്തിലും കൈവച്ചു. നിയമ ബിരുദവും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാൻ, കെപിസിസി സെക്രട്ടറി എന്നീ നിലകളിലെ പ്രവർത്തന പരിചയം, അടിമുടി ഇടതുരാഷ്ട്രീയക്കാരനായ ജെയ്കിനോട് മത്സരിക്കാനിറങ്ങുമ്പോൾ ചാണ്ടി ഉമ്മന് ഗുണം ചെയ്യുമോ എന്ന് വൈകാതെയറിയാം.
53 വർഷം ഒറ്റപ്പേര് മാത്രം ഉരുവിട്ട പുതുപ്പള്ളിക്കാർ ഇനി ആരെ തുണയ്ക്കുമെന്ന ആകാംഷ രാഷ്ട്രീയ കേരളത്തിനൊന്നാകെയുണ്ട്. ഇരുപക്ഷത്തും യുവത്വം മത്സരിക്കാനിറങ്ങുമ്പോൾ ഒപ്പം ഇരുമുന്നണികളും കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോൾ 'പുതുപ്പള്ളി പുണ്യാള'ന്റെ പിൻഗാമി സ്വന്തം മകനോ അതോ രണ്ട് തവണ നേർക്കുനേർ വന്ന ജെയ്കോ എന്നറിയാൻ കാത്തിരിക്കണം, സെപ്തംബർ എട്ട് വരെ.