Headlines
Loading...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം | സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. ക്രമക്കേടും കൃത്യവിലോപവും ചെയ്‌തെന്ന് കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കോര്‍പറേഷനിലെ നേമം സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, രണ്ട് ഓവര്‍സീയര്‍മാര്‍, പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാരുടെ ഹാജര്‍നില, കെട്ടിട നിര്‍മ്മാണ അനുമതി/നമ്പര്‍ അപേക്ഷകളിലെ കാലതാമസം, പൊതു ജനത്തിന് ലഭിക്കേണ്ട സേവന അപേക്ഷകളിന്‍മേലുള്ള കാലതാമസം എന്നിവയെ മുന്‍നിര്‍ത്തിയാണ് പ്രധാനമായും പരിശോധന നടത്തിയത്.

ഓണ്‍ലൈന്‍ ആയി അപേക്ഷ കൈകാര്യം ചെയ്യേണ്ടതിന് പകരം അപേക്ഷ നേരിട്ട് കൈകാര്യം ചെയ്യുന്നതും കണ്ടെത്തിയിട്ടുണ്ട്. കെട്ടിട നിര്‍മാണ പെര്‍മിറ്റ്, ഒക്യുപെന്‍സി നല്‍കുന്നതില്‍ ചട്ട ലംഘനങ്ങള്‍, മുന്‍ഗണനാക്രമം തെറ്റിച്ച് അപേക്ഷകളില്‍ നടപടി എടുക്കുന്നത് തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി. പാലക്കാട്, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ ലൈസന്‍സ് അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതിന് വളരെയധികം കാലതാമസം ഉണ്ടായതായി തെളിഞ്ഞിട്ടുണ്ട്. ലൈസന്‍സുകള്‍ യഥാസമയം നല്‍കാത്ത കേസുകളും നിരവധി സ്ഥാപനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ ഫയല്‍ കൈകാര്യം ചെയ്യുന്ന ILGMS സോഫ്റ്റ് വെയറില്‍ കാലതാമസം വന്ന ഫയലുകള്‍ പ്രത്യേകം പരിശോധന നടത്തി. അകാരണമായി കാലതാമസം വന്ന ഫയലുകളില്‍ അപേക്ഷകരെ നേരില്‍ കണ്ട് വിവരം ശേഖരിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷനുകളുടെ അപേക്ഷയില്‍ യഥാസമയം നടപടി എടുക്കാത്ത ഉദ്യോഗസ്ഥരുടെ വീഴ്ചയും, അനധികൃതമായി ഓഫീസില്‍ ഹാജരാകാതിരിക്കുക, മദ്യപിച്ച് ഓഫീസില്‍ എത്തുക തുടങ്ങിയ പ്രവണതകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച 46 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. വീഴ്ച കണ്ടെത്തിയ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയും അന്വേഷണവും നടത്തും. തദ്ദേശ പൊതു സര്‍വീസ് രൂപീകൃതമായ ശേഷം ആദ്യമായാണ് ഇത്തരത്തില്‍ മിന്നല്‍ പരിശോധന നടക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപന ഓഫീസുകളിലും മാസത്തില്‍ ചുരുങ്ങിയത് രണ്ട് തവണ പരിശോധന നടത്തുന്നതിന് മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായ ഉദ്യേഗസ്ഥര്‍ക്കെതിരെ സമയബന്ധിതമായി കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കും.

ആഭ്യന്തര വിജിലന്‍സ് സംവിധാനം നിലവില്‍ വന്ന ശേഷം ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരെ നിയോഗിച്ച് നടന്ന ആദ്യത്തെ ആകസ്മിക പരിശോധനയാണ് നടന്നത്. ഇന്റേണല്‍ വിജിലന്‍സ് ഓഫീസറോടൊപ്പം വിഷയ പരിജ്ഞാനമുള്ള രണ്ട് ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ ടീമാണ് പരിശോധന നടത്തിയത്. തദ്ദേശ സ്ഥാപന ആഫീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് യഥാസമയം സേവനം എത്തിക്കുന്നതിനും ഫലപ്രദമായ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാവും. അഴിമതിമുക്തവും സേവനസജ്ജവുമായ തദ്ദേശ സ്വയം ഭരണ സര്‍വീസ് സാധ്യമാക്കാന്‍ എല്ലാവരുടെയും സഹകരണവും മന്ത്രി അഭ്യര്‍ഥിച്ചു.