
national
സിബിഐക്ക് പിന്നാലെ ഇഡിയും; മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയ അഴിമതി കേസിലാണ് അറസ്റ്റ്. ഇതേ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ ഡൽഹി തിഹാർ ജയിലിൽ കഴിയുകയായിരുന്നു. മൂന്ന് ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. സിസോദിയയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ന് തിഹാർ ജയിലിനുള്ളിൽ വെച്ച് ഇഡി ഉദ്യോഗസ്ഥർ മനീഷ് സിസോദിയയെ 45 മിനിറ്റ് ചോദ്യം ചെയ്തതായി ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ജയിലിൽ രാവിലെ 10.15 മുതൽ 11 വരെയാണ് ചോദ്യം ചെയ്തത്.
അതേസമയം മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യൂ കോടതി വെളളിയാഴ്ച പരിഗണിക്കും. മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുകൊണ്ടുള്ള ഡൽഹി പ്രത്യേക കോടതിയുടെ വിധിപ്രകാരമാണ് തിങ്കളാഴ്ച മനീഷ് സിസോദിയയെ തിഹാർ ജയിലിലേക്ക് മാറ്റിയത്. ഡൽഹി മദ്യനയ അഴിമതി കേസിൽ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.