Headlines
Loading...
പെലെയുടെ സംസ്‌കാരം ചൊവ്വാഴ്ച; അന്ത്യവിശ്രമമൊരുക്കുക സാന്റോസില്‍

പെലെയുടെ സംസ്‌കാരം ചൊവ്വാഴ്ച; അന്ത്യവിശ്രമമൊരുക്കുക സാന്റോസില്‍

സാവോ പോളോ : അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാന്റോസിലായിരിക്കും സംസ്‌കാരം. മൃതദേഹം തിങ്കളാഴ്ച രാവിലെ മുതല്‍ സാന്റോസ് ക്ലബ് സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. ചൊവ്വാഴ്ച രാവിലെ വരെ പൊതുദര്‍ശനം തുടരും. പിന്നീട്, സാന്റോസിലെ നെക്രോപോളെ എകുമെന്‍സിയ സ്മാരക സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും. കുടുംബാംഗങ്ങള്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുക.

സാവോ പോളോയിലെ വില ബെല്‍മിറോ സ്‌റ്റേഡിയത്തില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് പെലെ കളിച്ചിരുന്ന ക്ലബായ സാന്റോസിന്റെ അധികൃതര്‍ പറഞ്ഞു.

ഫുട്‌ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു.ഉദരത്തില്‍ ബാധിച്ച അര്‍ബുദത്തിന് ചികിത്സയിലിരിക്കെ സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലായിരുന്നു പെലെയുടെ അന്ത്യം.വൃക്കയുടെയും ഹൃദയത്തിന്റെയും അസുഖങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. മകള്‍ കെല്ലി നാസിമെന്റോയാണ് മരണവിവരം സാമൂഹിക മാധ്യമത്തിലൂടെ മരണ വിവരം വെളിപ്പെടുത്തിയത്. നവംബര്‍ 29 നാണ് ഇതിഹാസ താരത്തെ സാവോ പോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അര്‍ബുദം ഭേദമാക്കാന്‍ കീമോതെറാപ്പി ചികിത്സ നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്ന് കീമോതെറാപ്പി നിര്‍ത്തുകയും വേദന സംഹാരികള്‍ നല്‍കുകയും ചെയ്തു. അടുത്ത ദിവസങ്ങളിലായി പെലെയുടെ നില വഷളാവുകയായിരുന്നു.