
kerala
അതിർത്തി തർക്കം; അയല്‍വാസിയായ യുവാവിനെ അടിച്ചുകൊന്നു, അച്ഛനും മകനും അറസ്റ്റില്‍
കൊച്ചി: എറണാകുളം വൈപ്പിനില്‍ അച്ഛന്റേയും മകന്റേയും മര്‍ദനത്തില്‍ അയല്‍വാസിയായ യുവാവിന് ദാരുണാന്ത്യം. എടവനക്കാട് മുണ്ടങ്ങാട് അശോകന്റെ മകന്‍ സനല്‍(34) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് എടവനക്കാട് സ്വദേശികളായ വേണു, ജയരാജന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സനല്‍ അയല്‍വാസികളുമായി യാതൊരു അടുപ്പവും പുലര്‍ത്തിയിരുന്നില്ലെന്നും സ്ഥിരം മദ്യപാനിയും അക്രമിയുമായിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
അതിര്‍ത്തിയില്‍ പ്ലാസ്റ്റിക് വേലി അഴിച്ചുമാറ്റിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളുടെ അതിര്‍ത്തിയില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് വേലി പതിവായി പൊളിച്ച് കളയുന്ന പ്രവണത കൊല്ലപ്പെട്ട സനലിനുണ്ടായിരുന്നു എന്നാണ് പൊലീസില്‍ പ്രതികള്‍ നല്‍കിയ മൊഴി. കഴിഞ്ഞ ദിവസം രാത്രിയും ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. കയ്യും കാലും തല്ലിയൊടിക്കുകയും ദേഹത്ത് അടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവശനിലയിലായ യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
റോഡരികില്‍ കിടന്നിരുന്ന യുവാവിനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലായിര്ുന്നു സനലിനെ ആദ്യം എത്തിച്ചത്. എന്നാല്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ജനറല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് സനല്‍ മരണപ്പെട്ടു. സനിലിന്റെ രണ്ട് മക്കളും ഭാര്യയും രണ്ട് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു