
kasaragod
കാസർകോഡ് സുബൈദ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്
കാസർക്കോട് : പ്രമാദമായ പെരിയ സുബൈദ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കേസിലെ മധുർ പട്ള കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദറി (28)നെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 50,000 രൂപ പിഴയും അടക്കണം. മൂന്നാം പ്രതി അർഷാദിനെ തെളിവില്ലെന്ന് കണ്ട് കാസർകോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചു. കേസിൽ അബ്ദുൽ ഖാദർ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
വീട്ടിൽ അതിക്രമിച്ചു കയറൽ കൊലപാതകം, മോഷണം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചതായി കോടതി കണ്ടെത്തി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
2017 ജനുവരി 17നാണ് പെരിയ ആയമ്പാറ ചെക്കിപ്പള്ളം സ്വദേശി സുബൈദ (60) യെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചെക്കിപള്ളത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന സുബൈദയെ വാടക വീട് അന്വേഷിക്കാനെന്ന വ്യാജേന എത്തിയ പ്രതികൾ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. കേസിലെ രണ്ടാംപ്രതിയായ കർണാടക സ്വദേശി അസീസ് ഇപ്പോഴും ഒളിവിലാണ്.
ക്ലോറോഫോം ഉപയോഗിച്ച് ബോധം കെടുത്തിയ ശേഷമാണ് സുബൈദയെ പ്രതികൾ കൊലപ്പെടുത്തിയത്. ഒന്നാം പ്രതി അബ്ദുൾ ഖാദർ സുബൈദയുടെ വീടിന് സമീപത്തുള്ള ഒരു വാടക മുറിയിൽ കുറച്ചു മാസം താമസിച്ചിരുന്നു. സുബൈദ സ്ഥിരമായി ആഭരണങ്ങൾ ധരിക്കുന്ന വിവരവും ഒറ്റക്കാണ് താമസിക്കുന്നതെന്ന കാര്യവും ഇയാൾക്ക് അറിയാമായിരുന്നു.