kerala
സര്‍ക്കാരിന് വന്‍ തിരിച്ചടി; കെ ടി യു വി സിയായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി
കൊച്ചി : സാങ്കേതിക സര്‍വകലാശാല വി സി കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. വി സിയായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാര്‍ ഹരജി കോടതി തള്ളി. സിസ തോമസിന്റെ യോഗ്യതയില്‍ തര്‍ക്കമില്ലെന്ന് കോടതി പറഞ്ഞു. സ്ഥിര വി സി നിയമനം എത്രയും പെട്ടെന്ന് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കണം. വിദ്യാര്‍ഥികളുടെ ഭാവിയാണ് പ്രധാനമെന്നും കോടതി പറഞ്ഞു. വിധി പഠിച്ചിട്ട് പറയാമെന്നാണ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണം.
താത്കാലിക വി സി നിയമനത്തിനെതിരായ സര്‍ക്കാര്‍ ഹരജി നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നത്. വി സിക്ക് യു ജി സി ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന വാദം പ്രസക്തമാണ്. താത്കാലിക വി സിക്കും വി സിയുടെ അതേ യോഗ്യത വേണം. ആക്ടിങ് വി സി എന്ന പദവിയില്ല. വി സിയുടെ പദവി മാത്രമാണുള്ളത്. യു ജി സി യോഗ്യതയില്ലാത്തവരെ വി സിയായി നിയമിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് സിസ തോമസിന്റെ യോഗ്യത കോടതി പരിശോധിക്കുകയായിരുന്നു.
സര്‍വകലാശാല നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വി സിയായി നിയമിക്കാനാകില്ല. അങ്ങനെ വേണമെന്ന സര്‍ക്കാര്‍ ശിപാര്‍ശ ദൗര്‍ഭാഗ്യകരമാണെന്നും സര്‍ക്കാരിന് പ്രോ വി സിയെ ശിപാര്‍ശ ചെയ്യാമായിരുന്നുവെന്നും കോടതി പറഞ്ഞു.