Headlines
Loading...
കണ്ടക്ടറുടേത് കൃത്യവിലോപം, സസ്‌പെന്‍ഷന്‍; കെഎസ്ആര്‍ടിസിയില്‍ അധ്യാപിക അതിക്രമം നേരിട്ട സംഭവത്തില്‍ നടപടി

കണ്ടക്ടറുടേത് കൃത്യവിലോപം, സസ്‌പെന്‍ഷന്‍; കെഎസ്ആര്‍ടിസിയില്‍ അധ്യാപിക അതിക്രമം നേരിട്ട സംഭവത്തില്‍ നടപടി

കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയെ സഹയാത്രികന്‍ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടർ ജാഫറിനെയാണ് സസ്പെൻഡ് ചെയ്തത്. കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്ക് യാത്രക്കാരനില്‍ നിന്ന് മോശം അനുഭവം നേരിട്ട സംഭവത്തില്‍ കാര്യക്ഷമമായി കണ്ടക്ടര്‍ ഇടപെട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍.

കെഎസ്ആർടിസി വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം നടന്ന ഉടനെ അധ്യാപിക ഇക്കാര്യം പരാതിപ്പെട്ടെങ്കിലും കണ്ടക്ടർ ഗൗരവമായി കണ്ട് ഇടപെട്ടിരുന്നില്ല. അധ്യാപികയെ സമാശ്വസിപ്പിച്ച് പ്രശ്നം അവസാനിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വിഷയത്തിൽ വേണ്ട നിയമ നടപടി സ്വീകരിക്കാൻ തയ്യാറാകാഞ്ഞ കണ്ടക്ടറുടെ നടപടി ഗുരുതര കൃത്യവിലോപമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ ഇന്ന് തന്നെ നടപടി സ്വീകരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശം നൽകിയിരുന്നു.
 
ശനിയാഴ്ച രാത്രി തിരുവനന്തപുരം കോഴിക്കോട് ബസില്‍ വച്ചായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. എറണാകുളം പിന്നിട്ട് തൃശൂരിനോട് അടുത്തപ്പോഴായിരുന്നു അധ്യാപികയ്ക്ക് എതിരെ മോശം പെരുമാറ്റം ഉണ്ടായത്. ഉറങ്ങി കിടക്കുന്ന സമയത്ത് പിന്നില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും ബസ് കണ്ടക്ടര്‍ സംഭവത്തെ ഗൗരവമായി എടുത്തില്ലെന്നും അധ്യാപിക ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. 

തന്റെ സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ പ്രതികരിച്ചില്ലെന്നും അതിലാണ് തനിക്ക് ഏറെ വിഷമം തോന്നിയതെന്നും അധ്യാപിക പറഞ്ഞിരുന്നു.സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ കെഎസ്ആര്‍ടിക്കും പൊലീസിനും അധ്യാപിക പരാതി നല്‍കുകയും ചെയ്തിരുന്നു. സുരക്ഷിതമെന്ന് കരുതിയാണ് രാത്രി യാത്രകള്‍ക്ക് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നതെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെന്നു പരാതിക്കാരി ചൂണ്ടിക്കാട്ടി.