kerala
'ഗ്രൂപ്പുകളെ വെട്ടി, ജില്ല പ്രസിഡന്റ് സ്വന്തം നോമിനികളെ തിരുകി കയറ്റിയെന്ന് ആരോപണം'; തൃശ്ശൂര്‍ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
തൃശ്ശൂര്‍: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സംവിധാനത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന് അറുതിവരുത്തുമെന്ന് നേതൃത്വം നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയിലും സ്വജന പക്ഷപാതമെന്ന് ആക്ഷേപം. തൃശ്ശൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി പുനഃസംഘടനയാണ് ഇതില്‍ ഏറ്റവും പുതിയ ഉദാഹരണം. ഗ്രൂപ്പ് നോമിനികളെ തിരുകി കയറ്റിയാണ് തൃശ്ശൂരിലെ യുത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചത് എന്നാണ് ആക്ഷേപം. ജില്ല പ്രസിഡന്റിന്റെ നടപടിയില്‍ ഇരുവിഭാഗം നേതാക്കള്‍ക്കും അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് എത്തി.
ജില്ലാ പ്രസിഡന്റ് സ്വന്തം നോമിനികളെ മാത്രം കുത്തികയറ്റി പുനസംഘടന നടത്തിയെന്ന് മറു പക്ഷത്തിന്റെ ആക്ഷേപം. പുനഃസംഘടന സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനോടോ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരോടോ കൂടിയാലോചനപോലും നടത്താതെയാണ് കമ്മിറ്റിയിലെ അംഗങ്ങളെ തീരുമാനിച്ചത് എന്നും ആരോപണമുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംഘടന പ്രവര്‍ത്തന പരിജയം പോലും ഇല്ലാത്തവരാണ് പുതിയ കമ്മിറ്റിയിലുള്ളത്. ജില്ലാ പ്രസിഡന്റ് സ്വന്തം നോമിനികളെ മാത്രം പരിഗണിച്ചു എന്നും ജില്ലാ പ്രസിഡന്റ് വിരുദ്ധ വിഭാഗം ആരോപിക്കുന്നു. ഈ വിഷയങ്ങള്‍ ചൂണ്ടികാട്ടി നിലവിലെ കമ്മിറ്റിയില്‍ പലരും രാജി സന്നദ്ധതയും അറിയിച്ചെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസിക്കും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതിയുള്‍പ്പെടെയായി സമീപിച്ചിരിക്കുകയാണ് ഒരു വിഭാഗം നേതാക്കള്‍.