national
കുനൂര്‍ ഹെലികോപ്റ്റര്‍ അപകടം; അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് സംഭവത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുളള അന്വേഷണം പൂര്‍ത്തിയായി. അപകട കാരണം മോശം കാലാവസ്ഥാ മൂലമാണെന്നാണ് നിഗമനം. റിപ്പോര്‍ട്ട് രണ്ടാഴ്ചക്ക് ശേഷം പ്രസിദ്ധീകരിക്കും.
അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് ഉടന്‍ കൈമാറും. കുനൂരിലെ കാട്ടേരി ഫാമിനു സമീപം ഡിസംബര്‍ എട്ടിനാണ് അപകടമുണ്ടായത്. അപകടത്തില്‍ സംയുക്ത സൈനിക മേധവി ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേര്‍ മരണപ്പെട്ടിരുന്നു. അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങും പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു.
വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര.
ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. പക്ഷെ കനത്ത മഞ്ഞ് കാരണം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങി.
ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു.
ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവര്‍ക്ക് പുറമെ ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറിലെ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നത്.