EIA 2020 | ഇഐഎ സമയപരിധി ഇന്ന് അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം
പകൃതി ദുരന്തങ്ങൾക്കും വ്യാവസായിക അപകടങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നിലവിലെ പരിസ്ഥിതി നിയമങ്ങളിൽ കൂടുതൽ അയവ് വരുത്തുന്നതാണ് പുതിയ വിജ്ഞാപനം. ഇതിനെതിരെയാണ് യുവാക്കളുടെ നേതൃത്വത്തിൽ ഓൺലൈൻ ക്യാമ്പെയിൻ നടക്കുന്നത്.
2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ഓഗസ്റ്റ് 11 ചൊവ്വാഴ്ച്ചയാണ്.
1984 ലെ ഭോപ്പാൽ ദുരന്തത്തിന് പിന്നാലെ, 1986 ൽ നിലവിൽ വന്ന, പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച്, ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഫാക്ടറി,ഖനി,ക്വാറി തുടങ്ങി പരിസ്ഥിതിയെ ബാധിക്കുന്ന പദ്ധതികൾ ആരംഭിക്കണമെങ്കിൽ, ഒരു വിദഗ്ധ സമിതിയുടെ പഠനവും അംഗീകാരവും വേണം. എന്നാൽ, ഇഐഎ 2020 അനുസരിച്ച്, പദ്ധതി തുടങ്ങുന്നതിന് മുമ്പുള്ള ഈ വിലയിരുത്തൽ പഠനം ആവശ്യമില്ല.
കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, ചെറുതും ഇടത്തരവുമായ ധാതുഖനികൾ, ചെറിയ ഫർണസ് യൂണിറ്റുകൾ, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്-ചായം നിർമാണ ഫാക്ടറികളും 25-100 കിലോമീറ്ററിനിടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയെല്ലാം വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കി.പുതിയ വിജ്ഞാപനം അനുസരിച്ച് അഞ്ചേക്കർ വരെയുള്ള ഖനനത്തിന് പാരിസ്ഥിതികാനുമതി വേണ്ട!. പഠനമോ തെളിവെടുപ്പോ ഇല്ലാതെ, 1,50,000 ചതുരശ്ര മീറ്റര്‍ വിസ്തീർണ്ണം വരെയുള്ള കെട്ടിടങ്ങൾക്കു പാരിസ്ഥിതികാനുമതി ലഭിക്കും. നേരത്തേ, 20,000 ചതുരശ്ര മീറ്റർ വരെ ആയിരുന്ന സ്ഥാനത്താണ് ഇതെന്ന് കൂടി ഓർക്കണം. വിജ്ഞാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, പദ്ധതികളെ നേരത്തേ തരം തിരിച്ചിരുന്നത് പാരിസ്ഥിതികാഘാതം മാത്രം നോക്കി മാത്രമായിരുന്നെങ്കിൽ, മുടക്കുമുതൽ കൂടി പരിഗണിക്കണം എന്നാണ് പുതിയ വ്യവസ്ഥ.