മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ സോമനാഥ് അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള മനോരമയിൽ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന സോമനാഥ്, കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്. ആഴ്ചക്കുറിപ്പുകൾ എന്ന പ്രതിവാര കോളവും, നിയമസഭാ അവലോകനമായ നടുത്തളവും ഏറെ ശ്രദ്ധേയമായിരുന്നു.
സംസ്കാരം വൈകിട്ട് ശാന്തികവാടത്തിൽ നടക്കും.ഇ സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അനുശോചനം രേഖപ്പെടുത്തി. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഇ. സോമനാഥ് വിടവാങ്ങിയ വിവരം ഏറെ വേദനപ്പിക്കുന്നു. തന്റെ മാധ്യമ പ്രവർത്തക ജീവിതത്തിനിടെ സോമൻ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. നിയമസഭാവലോകനമടക്കം സോമൻ കൈവെച്ച മേഖലകളിൽ എല്ലാം വ്യക്തിമുദ്ര ചാർത്തി. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർ സോമന്റെ സുഹൃത്തുക്കളായി ഉണ്ട്.
നിറഞ്ഞ ചിരിയോടെ, ഹൃദയത്തോട് ചേർത്തുനിർത്തി ഏവരേയും വരവേൽക്കുന്ന സോമന്റെ നഷ്ടം വലുതാണെന്നും വി ശിവന്‍കുട്ടി അനുശോചിച്ചു