kerala
'തുടർ ഭരണം ലഭിച്ചതിന്റെ അഹങ്കാരവും ധാർഷ്ട്യവും; സൈബറാക്രമണങ്ങള്‍ സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ' വി.ഡി സതീശൻ
സിൽവർലൈനിനെ വിമർശിക്കുന്ന സാംസ്കരിക പ്രവർത്തകർക്ക് നേരെയുളള സൈബറാക്രമണം സിപിഐഎം നേതൃത്വത്തിന്റെ പൂർണ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയെ എതിർക്കുന്ന ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകരടക്കം ആക്രമണത്തിനിരകളായി. ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിച്ചതിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ്.
എന്തും ചെയ്യാമെന്ന ധാരണ ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം വിമർശിച്ചു. സാംസ്കാരിക പ്രവർത്തകരുടെ കുടുംബ കാര്യങ്ങൾ പുറത്ത് കൊണ്ടുവന്ന് വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള ശ്രമം അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘ്പരിവാറും കേരളത്തിലെ ഇടതുപക്ഷവും എന്ത് വ്യത്യാസമാണുളളത. ഇത് സ്റ്റാൻലിനിസ്റ്റ് റഷ്യയെല്ല ജനാധിപത്യ കേരളമാണെന്ന് സിപിഐഎം ഓർക്കണമെന്നും വിഡി സതീശൻ വിമർശിച്ചു.
ലോകയുക്തയുമായി ബന്ധപ്പെട്ട കോടിയേരിയുടെ ലേഖനം വെറും ന്യായീകരണം മാത്രമാണ്. മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനുമെതിരെയുളള കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് ലോകായുക്തയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. നിയമ ഭേദഗതി സംബന്ധിച്ച് സർക്കാർ മുന്നോട്ട് വെച്ച കാര്യങ്ങൾ ഭരണഘടന പ്രകാരം നിലനിൽക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകയുക്ത നിയമ ഭേദഗതിയോട് അതൃപ്തിയറിയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോടയേരി ആദ്യം മറുപടി നൽകട്ടെയെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച നിയമ മന്ത്രിയുടെ വാദങ്ങൾ ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു. അഗളിയിലെ മധുവിന്റെ കൊലപാതകത്തിൽ കേസ് കൃത്യമായി നടത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസിൽ അടിയന്തരമായി പ്രോസിക്യൂട്ടറെ നിയമിക്കണം. പൊലീസ് മധുവിന്റെ വിഷയത്തിൽ തിരിഞ്ഞു നോക്കുന്നില്ല വിഡി സതീശൻ ആരോപിച്ചു.