സ്വാതന്ത്ര്യ സമര സേനാനിയും സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളുമായ കെ അയ്യപ്പന്‍ പിള്ള (107) അന്തരിച്ചു. തിരുവനന്തപുരം നഗര സഭയുടെ മുന്‍ കൗണ്‍സിലറുമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന അഭിഭാഷകനുമാണ്. ബിജെപിയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് അയ്യപ്പന്‍ പിള്ളയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറേകാലോടെ് അന്ത്യം സംഭവിക്കുകയായിരുന്നു.
ഗാന്ധിജിയെ രണ്ടുതവണ നേരില്‍ക്കണ്ട കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം രാജ്യത്ത് ഏറ്റവും മുതിര്‍ന്ന അഭിഭാഷകനും ബാര്‍ അസേസിയേഷനുകളിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായിരുന്നു. 1942-ല്‍ തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായ അദ്ദേഹം പിന്നീടാണ് ബിജെപിയുമായി അടുക്കുന്നത്. ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്‍പ്പടെ അയ്യപ്പന്‍ പിള്ള സജീവമായിരുന്നു. കഴിഞ്ഞ ജന്മദിനത്തിന് പ്രധാനമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു.
തിരുവിതാംകൂറിലെ ആദ്യ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ അയ്യപ്പന്‍ പിള്ള പരിഗണിക്കപ്പെട്ടിരുന്നു.
കെ അയ്യപ്പന്‍ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അഭിഭാഷകന്‍ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.