Headlines
Loading...
'മരണവ്യാപാരികളായി തുടര്‍ന്നാല്‍ ജനം തെരുവില്‍ നേരിടും'; സിപിഐഎമ്മിനോട് സുധാകരന്‍

'മരണവ്യാപാരികളായി തുടര്‍ന്നാല്‍ ജനം തെരുവില്‍ നേരിടും'; സിപിഐഎമ്മിനോട് സുധാകരന്‍


കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊതുപരിപാടികളൊക്കെ മാറ്റിവെച്ച കോണ്‍ഗ്രസിനെ സിപിഐഎം മാതൃകയാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മരണവ്യാപാരികളായി തുടരാന്‍ തീരുമാനിച്ചാല്‍ ജനം സിപിഐഎമ്മിനെ തെരുവില്‍ നേരിടുന്ന കാലം അതിവിദൂരമല്ലെന്നും സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ പറഞ്ഞത്: മരണ വ്യാപാരികളാണ് സിപിഎം. സിപിഎമ്മിന്റെ ഭരണകൂട അനാസ്ഥ കാരണം കേരളം കോവിഡ് തരംഗത്തില്‍ മുങ്ങുകയാണ്. മുഖ്യമന്ത്രിയ്ക്ക് അമേരിക്കയില്‍ ചികിത്സ സാദ്ധ്യമാകുമ്പോള്‍ കേരളത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ആശുപത്രിയില്‍ മരുന്നുകള്‍ കിട്ടാനില്ല. സ്വകാര്യ ആശുപത്രികള്‍ സാധാരണക്കാരെ പിഴിഞ്ഞ് കാശു വാങ്ങുന്നു. ആരോഗ്യ വകുപ്പ് നോക്കുകുത്തിയെ പോലെ നിന്ന് ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്.

കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതികളും ക്രമക്കേടുകളും നടത്തിയ പിണറായി വിജയനെതിരെ യുഡിഎഫ് തെരുവില്‍ സമരം ചെയ്യാതിരുന്നത് ജനനന്മയെ കരുതിയായിരുന്നു. പ്രതിഷേധങ്ങള്‍ കോവിഡ് വ്യാപനമുണ്ടാക്കി ജനങ്ങളുടെ ജീവനെടുക്കരുതെന്നാണ് അധികാരത്തിലെത്തുന്നതിനേക്കാള്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചത്. അതിന്റെ ഫലമായി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും പിണറായി വിജയന്റെ കഴിവുകെട്ട ഭരണം വീണ്ടും സഹിക്കേണ്ട ദുരവസ്ഥ മലയാളികള്‍ക്കുണ്ടായി.

തിരഞ്ഞെടുപ്പിന് മുമ്പ് സാമൂഹിക പ്രതിബദ്ധതയുടെ അപ്പോസ്തലന്‍മാരായി നടിച്ച സിപിഎം ഇപ്പോള്‍ കോവിഡ് വ്യാപിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുകയാണ്. കേരള സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ അടിമുടി പരാജയപ്പെട്ടിട്ടും തിരുവാതിരകളിയും ഗാനമേളയും പാര്‍ട്ടി സമ്മേളനങ്ങളും ഒക്കെയായി കോവിഡ് പടര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സിപിഎം. 

പൊതുപരിപാടികളൊക്കെ മാറ്റിവെച്ച കോണ്‍ഗ്രസിനെ സിപിഎം മാതൃകയാക്കണം. കോവിഡ് പടര്‍ന്നാല്‍ സര്‍ക്കാരിന്റെ അഴിമതികളില്‍ നിന്ന് ജനശ്രദ്ധ തിരിയുമെന്ന് സിപിഎം വ്യാമോഹിക്കേണ്ട. മരണവ്യാപാരികളായി തുടരാന്‍ തീരുമാനിച്ചാല്‍ ജനം സിപിഎമ്മിനെ തെരുവില്‍ നേരിടുന്ന കാലം അതിവിദൂരമല്ല!