Headlines
Loading...
ആലപ്പുഴ രാഷ്ട്രീയ കൊലപാതകം; വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ആലപ്പുഴ രാഷ്ട്രീയ കൊലപാതകം; വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ആലപ്പുഴ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. നാളെ 140 സ്ഥലങ്ങളിൽ പ്രക്ഷോഭ പരിപാടികൾ നടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം ജാഗ്രത പുലർത്താൻ പോലീസിന് ഡിജിപി അനിൽകാന്ത് നിർദേശം നൽകി. ആർഎസ്എസ്, എസ്ഡിപിഐ സ്വാധീന പ്രദേശങ്ങളിൽ ജാഗ്രത പുലർത്താനാണ് നിർദേശം.

ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതല പൊലീസ് യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രിയും ഇന്നലെ യോഗത്തില്‍ പറഞ്ഞിരുന്നു.

അതേസമയം ഇതുവരെ ഒരു സംഘടനയും വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ പല സംഘടനകളും ഇത്തരത്തില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

പരസ്പരമുള്ള സ്വാധീന മേഖലകളില്‍ ഇത്തരത്തിലുള്ള പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ അത് സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ജാഗ്രതാ നിര്‍ദ്ദേശം.