Headlines
Loading...
സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനം; കോഴിക്കോട് നടത്തിയ പരിശോധനയിൽ 78 ശതമാനവും ഒമിക്രോണ്‍ രോഗികൾ

സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനം; കോഴിക്കോട് നടത്തിയ പരിശോധനയിൽ 78 ശതമാനവും ഒമിക്രോണ്‍ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ സാമൂഹിക വ്യാപനം ഉണ്ടായതായി സൂചന. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ എസ്ജിടിഎഫ് സ്ക്രീനിംഗ് ടെസ്റ്റില്‍ 78 ശതമാനം പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചതോടെയാണ് ആശങ്ക ഉയർന്നത്.

കഴിഞ്ഞ ദിവസം 51 പേരില്‍ നടത്തിയ എസ്ജിടിഎഫ് സ്ക്രീനിംഗ് ടെസ്റ്റില്‍ 38 പേരുടെ ഫലം പോസിറ്റീവായി. രോഗം സ്ഥിരീകരിച്ചവരിൽ ആരും തന്നെ വിദേശയാത്ര പശ്ചാത്തലമുള്ളവരോ, വിദേശത്ത് നിന്ന് എത്തിയവരുമായി സമ്പർക്കം പുലർത്തിയവരോ അല്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനം ഉണ്ടായോ എന്ന് ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നത്.

ഇത്രയും അധികം പേരിൽ ഒമിക്രോൺ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതല്‍പേര്‍ ഒമിക്രോണ്‍ ബാധിതരാണെന്നതിന്റെ സൂചനയാണ് ഇതെന്ന് ക്രിട്ടിക്കല്‍ കെയര്‍ വിദ​ഗ്ധനായ ഡോ. അനൂപ് കുമാർ വ്യക്തമാക്കി. വരുന്ന രണ്ടാഴ്ച വളരെ നിർണായകമാണ്. ഒമിക്രോണ്‍ കേസുകള്‍ വളരെ വേഗത്തില്‍ പടര്‍ന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ കൊവിഡ് രോഗികളുടെ എണ്ണം നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും മുകളില്‍ പോവാനും ടിപിആര്‍ 50 ശതമാനത്തിന് മുകളിൽ പോകാൻ ഇടയുണ്ടെന്നും വിദഗ്‌ദ്ധർ വ്യക്തമാക്കി. ഒമിക്രോൺ സാമൂഹിക വ്യാപനം ഉണ്ടായതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.