Headlines
Loading...
'സിപിഐഎം നേതാക്കള്‍ കൊവിഡ്-19 വാഹകര്‍'; സമ്മേളനത്തിനായി നിയന്ത്രണങ്ങള്‍ മാറ്റുന്നത് അപഹാസ്യമെന്ന് പ്രതിപക്ഷം; കാസറഗോഡ് കളക്ടറുടെ ഉത്തരവ് പിൻവലിച്ചതിനെതിരെയും വിമർശനം

'സിപിഐഎം നേതാക്കള്‍ കൊവിഡ്-19 വാഹകര്‍'; സമ്മേളനത്തിനായി നിയന്ത്രണങ്ങള്‍ മാറ്റുന്നത് അപഹാസ്യമെന്ന് പ്രതിപക്ഷം; കാസറഗോഡ് കളക്ടറുടെ ഉത്തരവ് പിൻവലിച്ചതിനെതിരെയും വിമർശനം

സിപിഐഎം മന്ത്രിമാരും എംഎല്‍എമാരും നേതാക്കളും കൊവിഡ്-19 വാഹകരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ക്വാറന്റൈനില്‍ പോലും പങ്കെടുക്കാതെ ജില്ലകള്‍ തോറും കറങ്ങിനടന്ന് കൊവിഡ്-19 പരത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആദ്യഘട്ടത്തില്‍ ടിപിആറിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഇന്നലെ മുതല്‍ ജില്ലകളെ കാറ്റഗറി എ, ബി, സി എന്നിങ്ങനെ തരംതിരിച്ചിരിക്കുകയാണ്. ഇന്ന് സിപിഐഎം ജില്ലാ സമ്മേളനം തുടങ്ങുന്ന തൃശൂരും കാസര്‍ഗോഡും ഒരു കാറ്റഗറിയിലുമില്ലെന്നും വിഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു.

'ഇതുവരേയുള്ള നിയന്ത്രണങ്ങള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഇന്നലെ മുതല്‍ ജില്ലകളെ കാറ്റഗറി എ, ബി, സി എന്നിങ്ങനെ തരംതിരിച്ചിരിക്കുകയാണ്. ഇന്ന് സിപിഐഎം ജില്ലാ സമ്മേളനം തുടങ്ങുന്ന തൃശൂരും കാസര്‍ഗോഡും ഒരു കാറ്റഗറിയിലുമില്ല. അതായത് അവിടെ നിയന്ത്രണങ്ങള്‍ ഇല്ല. എന്നാല്‍ ഈ രണ്ട് ജില്ലകളിലും ടിപിആര്‍ 36 ഉം 34 ഉം ആണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ആള്‍ക്കൂട്ടവും പാടില്ല. 

എന്നാല്‍ സിപിഐഎമ്മിനെ സഹായിക്കാന്‍ ഈ രണ്ട് ജില്ലകളിലും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. സമ്മേളനം നടത്താന്‍ വേണ്ടിയാണ്.തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി, എംഎല്‍എമാര്‍ നേതാക്കള്‍ക്കെല്ലാം കൊവിഡ് ബാധിച്ചവരാണ്. ഇവരൊന്നും ക്വാറന്റൈനില്‍ പോകാതെ ഓരോ ജില്ലകളിലും കറങ്ങി രോഗവാഹകരാവുകയായിരുന്നു. 

പാര്‍ട്ടിക്ക് വേണ്ടി കൊവിഡ്-19 നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നത് അപഹാസ്യമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടക്കാത്തത്. വാശിയാണ് പാര്‍ട്ടിക്ക്. എന്തുവന്നാലും ഞങ്ങള്‍ സമ്മേളനം നടത്തും എന്ന് പറയുന്ന വാശി.'

കൊവിഡില്‍ ഹോംകെയര്‍ എടുക്കണമെന്ന് നിര്‍ദേശിക്കുന്ന സര്‍ക്കാര്‍, ആശുപത്രിയില്‍ കിടക്കുന്നവരുടെ എണ്ണം കണക്കാക്കിയിട്ടിണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് നിശ്ചലമായിരിക്കുകയാണെന്നും ആരോപിച്ചു. ആരോഗ്യസെക്രട്ടറിയും വിദഗ്ധസമിതിയുമൊക്കെ എകെജി സെന്ററില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ വെച്ചിട്ടാണ് മാനദണ്ഡങ്ങള്‍ കണക്കാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച നടപടിയേയും വിഡി സതീശന്‍ വിമര്‍ശിച്ചു. പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ സിപിഐഎം ഇടപെട്ടാണ് ഉത്തരവ് പിന്‍വലിപ്പിച്ചതെന്നും യഥാര്‍ത്ഥത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.