Headlines
Loading...
'പരിസ്ഥിതിക്ക് ദോഷകരം, ഒരുകാലത്തും ലാഭകരമാകില്ല'; കെ റെയില്‍ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

'പരിസ്ഥിതിക്ക് ദോഷകരം, ഒരുകാലത്തും ലാഭകരമാകില്ല'; കെ റെയില്‍ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

കെ റെയില്‍ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കടുത്ത വിമര്‍ശനം. കൊവിഡ്, പ്രളയ പ്രതിസന്ധി സമയത്ത് ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സർക്കാർ പ്രാധാന്യം നൽകേണ്ടത് കെ റെയിലിന് അല്ലെന്നും പരിസ്ഥിതിക്ക് ദോഷകരമാകുന്ന പദ്ധതിയെ സിപിഐ അനുകൂലിക്കരുതെന്നുമായിരുന്നു യോഗത്തിലെ പ്രധാന വിമർശനം. ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും പാർട്ടിയുടെ മേൽവിലാസം തകർക്കുന്ന തരത്തിൽ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നുമുള്ള അഭിപ്രായമാണ് ഭൂരിഭാഗം അംഗങ്ങളും ഉന്നയിച്ചത്.

കൊല്ലത്തുനിന്നുള്ള ആർ രാജേന്ദ്രനാണ് വിമർശനത്തിന് തുടക്കമിട്ടത്. കൊവിഡ്, പ്രളയ കാലങ്ങളില്‍ സംസ്ഥാനം പ്രതിസന്ധി നേരിട്ടുന്നതിനിടെ കെ റെയില്‍ പദ്ധതിക്കാണോ അതോ മറ്റെന്തെങ്കിലും വിഷയങ്ങള്‍ക്കാണോ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നതു സംബന്ധിച്ച് പരിശോധിക്കണമെന്നായിരുന്നു ആര്‍ രാജേന്ദ്രന്റെ ആവശ്യം. 

പദ്ധതി പരിസ്ഥിതിക്ക് വലിയ തോതില്‍ ദോഷമുണ്ടാക്കുന്നതാണെന്നും ഒരുകാലത്തും ലഭാകരമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുന്‍മന്ത്രിമാരായ വിഎസ് സുനില്‍കുമാറും കെ രാജുവും ഉള്‍പ്പടെയുള്ളവർ പദ്ധതിയെ വിമര്‍ശിച്ച് യോഗത്തില്‍ സംസാരിച്ചു.

പ്രളയാനന്തര കേരളത്തിലെ പാരിസ്ഥിതിക ആശങ്കകള്‍ സിപിഐ അവഗണിക്കാന്‍ പാടില്ലെന്ന് യോഗം ആവശ്യപ്പെട്ടു. കേരളത്തെ പോലൊരു ചെറിയ സംസ്ഥാനത്തിന് സാമ്പത്തികമായി പദ്ധതി യോജിച്ചില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പരാമർശിക്കുന്ന പദ്ധതിയില്‍ നിന്നും പിന്മാറാന്‍ ആകില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി.

സിപിഐ പദ്ധതിയെ തകര്‍ത്തെന്ന ആക്ഷേപം കേള്‍ക്കുന്നത് ഗുണകരമല്ലെന്നും അതുകൊണ്ടാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു. ആശങ്കകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം മറുപടിയില്‍ വ്യക്തമാക്കി. സംസ്ഥാന കൗണ്‍സിലിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ചായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. നേരത്തെ ഐഐവൈഎഫ് സംസ്ഥാന സമ്മേളനത്തിലും പദ്ധതിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.