kerala
പുതു വര്‍ഷത്തില്‍ സമരം കടുപ്പിക്കാന്‍ കെജിഎംഒഎ; കൂട്ട അവധിയിലേക്ക്
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ തുടരുന്ന പ്രത്യക്ഷ സമരം ശക്തമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ജനുവരി ഒന്ന് മുതല്‍ നിസ്സഹകരണ സമരം കടുപ്പിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 18 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് തീരുമാനം. സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിത കാല നില്‍പ്പ് സമരം ഇന്ന് പതിനാലാം ദിനത്തിലെത്തി.
ശമ്പള പരിഷ്‌കരണത്തിലൂടെ അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ ഏറെ നാളായി സമരമുഖത്താണ് കെജിഎംഒഎ. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാഴ് വാക്കായതോടെയാണ് ഒരിക്കല്‍ മാറ്റിവച്ച നില്‍പ്പ് സമരം ഈ മാസം എട്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പുനരാരംഭിച്ചത്. സമരം 13 ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതു വര്‍ഷത്തില്‍ സമരം കടുപ്പിക്കാന്‍ കെജിഎംഒഎ സംസ്ഥാന സമിതിയുടെ തീരുമാനം. ജനുവരി ഒന്ന് മുതല്‍ നിലവിലെ പ്രതിഷേധങ്ങള്‍ക്കൊപ്പം നിസ്സഹകരണ സമരം ശക്തമാക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ പദ്ധതി നിര്‍വ്വഹണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളോട് സഹകരിക്കില്ല. മുന്നറിയിപ്പെന്ന നിലയില്‍ ജനുവരി നാലിന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
സെക്രട്ടേറിയറ്റിന് മുന്നിലെ നില്‍പ്പ് സമരത്തിന്റെ പതിനാലാം ദിനമായ ഇന്ന് കാസര്‍ഗോഡ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നില്‍പ്പ് സമരം തുടരാനാണ് തീരുമാനം. സമരം ആരംഭിച്ച ദിവസം ആരോഗ്യമന്തിയും ധനമന്ത്രിയും ചര്‍ച്ച നടത്തിയെങ്കിലും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഉറപ്പൊന്നും നല്‍കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.