kerala
കെ-റെയില്‍ അടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞ് ഹെെക്കോടതി; 'ഭൂമി ഏറ്റെടുക്കാതെ ഇത്തരം നടപടികള്‍ വേണ്ട'
കെ-റെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ കേരള ഹൈക്കോടതി ഉത്തരവ്. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്ന നടപടിയാണ് കോടതി തടഞ്ഞത്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങള്‍ സ്ഥാപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരായ കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.അതേസമയം, സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള സർവ്വേ നടപടികളുടെ ഭാഗമായി 60 സെന്റിമീറ്റര്‍ നീളമുള്ള സാധാരണ സർവ്വേ കല്ലുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിക്കാനാകുമെന്നും കോടതി വിശദീകരിച്ചു. നിയമപ്രകാരമുള്ള സർവേ തുടരാമെന്നും കോടതി പറഞ്ഞു.
കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കായുളള അതിര്‍ത്തി നിര്‍ണയിക്കുന്ന കല്ലിടലിനെതിരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കോടതി ഇടപെടല്‍. അതേസമയം, സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കല്‍ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണം.ഇതിനിടെ, പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു. പദ്ധതിയിലെ ആശങ്കകള്‍ പങ്കുവെച്ച് ഒരുകൂട്ടം പൗരന്മാരാണ് പദ്ധതി സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക, സാംസ്‌കാരിക തലങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന അപകടങ്ങളും പ്രതികൂല പ്രത്യാഘാതങ്ങളും തെളിയിച്ച വിവിധ മേഖലകളിലെ വിദഗ്ധരുടെ വിശദവും ബോധ്യപ്പെടുത്തുന്നതുമായ പഠനങ്ങള്‍ കണക്കിലെടുത്താണ് നടപടി.
ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സുഗതകുമാരി ടീച്ചര്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ചുക്കാന്‍ പിടിക്കുമായിരുന്നുവെന്ന തിരിച്ചറിവ് കണക്കിലെടുത്ത്, സംഘം ഇത് അവരുടെ ദീപ്ത സ്മരണയ്ക്കായി സമര്‍പ്പിക്കുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, എഞ്ചിനീയര്‍മാര്‍, കര്‍ഷകര്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, ദുരന്തനിവാരണ വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, സാഹിത്യപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ നൂറിലധികം ആളുകള്‍ അംഗീകരിച്ച ഈ നിവേദനം പുനരവലോകനത്തിനും പദ്ധതിയില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറാനുമുള്ള ശക്തമായ അഭ്യര്‍ത്ഥനയാണ് ഇതിലൂടെ മുന്നോട്ടുവെച്ചത്. കവയിത്രി കഴിഞ്ഞ വര്‍ഷം അന്തരിച്ച ദിവസം 23.12.2021 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മെമ്മോറാണ്ടം സമര്‍പ്പിക്കുന്നു. എന്നുപറഞ്ഞുകൊണ്ടാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചത്.