Headlines
Loading...
ബാലുവിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം; പൊലീസ് വെൽഫെയർ ബ്യുറോയിൽ നിന്നും 2 ലക്ഷം

ബാലുവിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം; പൊലീസ് വെൽഫെയർ ബ്യുറോയിൽ നിന്നും 2 ലക്ഷം

തിരുവനന്തപുരം കടയ്ക്കാവൂരില്‍ കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ എസ് ബാലുവിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം. പൊലീസ് വെൽഫെയർ ബ്യുറോയിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ചു. 

പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ വള്ളം മുങ്ങിയായിരുന്നു ആലപ്പുഴ പുന്നപ്ര സ്വദേശി ബാലുവിന്റെ മരണം.ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു സംഘം വള്ളത്തില്‍ തുരുത്തിലേക്ക് പോയത്. ഇതിനിടെ കായലില്‍ വള്ളം മുങ്ങിപ്പോവുകയായിരുന്നു. വര്‍ക്കല ഇടവ പണയില്‍വെച്ചായിരുന്നു സംഭവം. അപകടസമയത്ത് വര്‍ക്കല സിഐയും ബാലുവും മറ്റൊരു പൊലീസുകാരനുമാണ് വള്ളത്തിലുണ്ടായിരുന്നത്. അതില്‍ സിഐയും വള്ളത്തിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും നീന്തി രക്ഷപ്പെട്ടു.

തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ബാലുവിനെ അവശനിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്എപി ക്യാമ്പിൽ നിന്നും വർക്കല ശിവഗിരി ഡ്യൂട്ടിയിലായിരുന്നു ബാലുവിനെ ആദ്യം ചുമതലപ്പെടുത്തിയിരുന്നത്. പിന്നീട് തെരച്ചിൽ സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.

കൃത്യനിർവഹണത്തിനിടയിൽ ജീവൻ നഷ്ടമായ ബാലുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലികൾ അർപ്പിച്ചു. ബാലുവിന്റെ വിയോഗത്തില്‍ അതീവ ദു:ഖമുണ്ടെന്നും ബാലുവിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കഴിഞ്ഞ സെപ്റ്റംബറിലാണു പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്.