Headlines
Loading...
പച്ചക്കറിക്കു തീ വില; അവിയലിനും സാമ്പാറിനും തിരിച്ചടി, ഹോട്ടലുകൾക്കും വീടുകൾക്കും നഷ്ടം

പച്ചക്കറിക്കു തീ വില; അവിയലിനും സാമ്പാറിനും തിരിച്ചടി, ഹോട്ടലുകൾക്കും വീടുകൾക്കും നഷ്ടം

വൃശ്ചികം പൊതുവേ വെജിറ്റേറിയൻ സീസണാണ്. മണ്ഡലകാലമായതിനാൽ പച്ചക്കറിക്കു ചെലവേറും. കല്യാണങ്ങളുണ്ടെങ്കിൽ സദ്യയ്ക്കു വേണ്ടിയും പച്ചക്കറി ധാരാളമായി വേണ്ടി വരും. 

ഉള്ളിക്കു വിലയേറിയതോടെ നോൺ വെജിറ്റേറിയൻ വിഭവങ്ങളെയും വിലവർധന ബാധിച്ചു. പച്ചക്കറി ഏറ്റവും ആവശ്യമുള്ള സീസണിലെ വില വർധന നേരത്തെ നിശ്ചയിച്ച ചടങ്ങുകളുടെ ചെലവ് കൂട്ടും. വീട്ടുചെലവിന്റെ കണക്കെടുക്കുമ്പോൾ പച്ചക്കറിക്കായി കൂടുതൽ പണം കണ്ടെത്തേണ്ടി വരും.

ചതിച്ചത് പെരുമഴ: കർണാടക– തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണു പ്രധാനമായും പച്ചക്കറി വരുന്നത്. എന്നാൽ ആ പ്രദേശങ്ങളിലെ കനത്ത മഴയിൽ വിള നശിച്ചതോടെ കേരളത്തിലേക്കുള്ള വരവ് കുറഞ്ഞതാണു പെട്ടെന്നുള്ള വില വർധനയുടെ കാരണം. ഡീസലിന്റെ വില വർധനയും പച്ചക്കറി വിലയെ ബാധിക്കുന്നുണ്ട്.പുറമേ വരവ് കുറഞ്ഞതോടെ പാലക്കാട്ടെ പച്ചക്കറിക്കു കർഷകർക്കു മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഉൽപാദനം കുറവാണെന്നതിനാൽ കാര്യമായ നേട്ടമില്ല. ഉള്ളി, കാരറ്റ്, ബീറ്റ്‍റൂട്ട് , കാബേജ് പോലെയുള്ള പച്ചക്കറികൾ ജില്ലയിൽ കാര്യമായി കൃഷി ചെയ്യുന്നുമില്ല.

ഹോട്ടലുകൾക്കും വീടുകൾക്കും നഷ്ടം:-കോവിഡ് കഴിഞ്ഞ് ഹോട്ടലുകൾ തുറന്നശേഷം കച്ചവടം ഉഷാറാകുന്ന കാലത്താണ് പച്ചക്കറിയുടെ വിലവർധന. പാചകവാതകം, വിറക്, ഡീസൽ എന്നിവയുടെ വിലവർധനയ്ക്കൊപ്പം പച്ചക്കറിയും ചതിച്ചു. കല്യാണ സീസൺ കണക്കാക്കി നേരത്തെ ബുക്കിങ് സ്വീകരിച്ച കേറ്ററേഴ്സിനെയും വിലവർധന ദോഷമായി ബാധിച്ചു. സാധാരണക്കാരുടെ അടുക്കളക്കണക്കും തെറ്റിച്ചു.