Headlines
Loading...
പണിമുടക്ക് തിരിച്ചടിയായി; കെഎസ്ആര്‍ടിസിക്ക് നഷ്ടം ഒന്‍പത് കോടിയിലധികം

പണിമുടക്ക് തിരിച്ചടിയായി; കെഎസ്ആര്‍ടിസിക്ക് നഷ്ടം ഒന്‍പത് കോടിയിലധികം

കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറി വന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായി രണ്ടുദിവസത്തെ സമ്പൂര്‍ണ്ണ പണിമുടക്ക്. ലോക് ഡൗണ്‍ ഇളവിനുശേഷം ഒരു കോടി രൂപയ്ക്ക് താഴെയായിരുന്ന വരുമാനം നാലര കോടിയിലേക്ക് എത്തിയിരുന്നു. എന്നാല്‍ രണ്ട് ദിവസം ഹ്രസ്വ ദീര്‍ഘ സര്‍വീസുകള്‍ മുഴുവന്‍ മുടങ്ങിയതോടെ ഒന്‍പത് കോടി 40 ലക്ഷം രൂപയുടെ വരുമാനനഷ്ടമാണ് കണക്കാക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളിലാണ് ദീര്‍ഘദൂര ബസ്സുകള്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച ഒരു സര്‍വീസും നടന്നില്ല. മൂന്നു സോണുകളായി കേവലം 268 സര്‍വീസുകളാണ് നടന്നത്. നിലവില്‍ പ്രതിദിനം ജീവനക്കാരുടെ ശമ്പള ഇനത്തില്‍ രണ്ടു കോടി എണ്‍പത് ലക്ഷം രൂപയും, ഡീസല്‍ ചെലവായി രണ്ടുകോടി 50 ലക്ഷം രൂപയുമാണ് വേണ്ടത്. നഷ്ടമില്ലാതെ മുന്നോട്ടുപോകാന്‍ എട്ടു കോടി രൂപയെങ്കിലും വരുമാനം കണ്ടെത്തണം. 

എന്നാല്‍ 5500 ബസുകള്‍ ഓടിയിരുന്ന സ്ഥാനത്തു നിലവില്‍ 3500 ല്‍ താഴെ ബസുകളാണ് ഉള്ളത്. നേരത്തെ പെന്‍ഷനു വേണ്ടി മാത്രം സര്‍ക്കാരിനെ ആശ്രയിച്ചിരുന്ന കെഎസ്ആര്‍ടിസി നിലവില്‍ ശമ്പളത്തിനായും സര്‍ക്കാര്‍ സഹായം തേടുകയാണ്.
പണിമുടക്ക് അവസാനിച്ചെങ്കിലും ശമ്പള പരിഷ്‌കരണ നടപടികള്‍ തുടരാനാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റെ തീരുമാനം. അതേസമയം പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന യൂണിയനുകളുടെ വെല്ലുവിളിയും കെ എസ് ആര്‍ ടി സിക്ക് മുന്നിലുണ്ട്.