kerala
സഭയുടെ സമ്മര്‍ദത്തിന് വഴങ്ങി; ന്യൂനപക്ഷ കോര്‍പ്പറേഷന്‍ കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ ഐഎന്‍എല്‍
സംസ്ഥാനത്തെ ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തില്‍ അതൃപ്തി രൂക്ഷമാക്കി ഐഎന്‍എല്‍. ന്യൂനപക്ഷ കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള എല്‍ഡിഎഫ് തീരുമാനമാണ് ഐഎന്‍എല്ലിനെ ചൊടിപ്പിച്ചത്. കാലങ്ങളായി മുസ്ലീം സമുദായത്തില്‍ നിന്നുള്ള പ്രതിനിധിയ്ക്കായി നീക്കിവച്ചിരുന്ന കോര്‍പ്പറേഷന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള തീരുമാനം സഭയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന വിമര്‍ശനമാണ് ഐഎന്‍എലിന് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐഎല്‍എല്‍ നേതാവ് എപി അബ്ദുള്‍ വഹാബ് ആയിരുന്നു ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഈ സ്ഥാനം ഉള്‍പ്പെടെ ആറോളം സ്ഥാനങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുകയായിരുന്നു. പകരം ഐഎല്‍എല്ലിന് സീതാറാം മില്‍സിന്റെ അധ്യക്ഷ സ്ഥാനം നല്‍കുകയും ചെയ്തു. എന്നാല്‍ ആപ്രസക്തമായ ചുമതലയാണ് ഇതെന്ന നിലപാടാണ് ഐഎന്‍എല്ലിന് ഉള്ളത്. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളുടെ വിഭജനം ഇതിനോടകം എല്‍ഡിഎഫ് പൂര്‍ത്തിയാക്കി കഴിയുകയും ചെയ്തിട്ടുണ്ട്.
ബോര്‍ഡ് കോര്‍പറേഷന്‍ പദവി ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ അതൃപ്തി അറിയിച്ച് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ നേരിട്ടു കണ്ടിരുന്നു. നേതാക്കളായ എപി അബ്ദുല്‍ വഹാബും, കാസിം ഇരിക്കൂറും നേരിട്ടെത്തി പാര്‍ട്ടിയുടെ അതൃപ്തി അറിയിച്ചിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഐഎന്‍എല്ലില്‍ നിന്ന് തിരിച്ച് എടുത്തതും, ഹജ്ജ് കമ്മിറ്റി അംഗത്വം നിരസിച്ചതുമാണ് നേതാക്കളെ ചൊടിപ്പിച്ചത്. എന്നാല്‍ മന്ത്രി പദവിക്ക് ഒപ്പം പ്രധാനപ്പെട്ട ബോര്‍ഡ് കോര്‍പറേഷന്‍ പദവികള്‍ കൂടി ഐഎന്‍എല്ലിന് നല്‍കാനാവില്ല എന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചിട്ടുളളത്. അടുത്തിടെ എല്‍ഡിഎഫിനെ പോലും പ്രതിസന്ധിയിലാക്കി ഐഎന്‍എല്ലിന്‍ ഉണ്ടായ തര്‍ക്കങ്ങള്‍ക്ക് നല്‍കിയ രാഷ്ട്രീയ മറുപടി കൂടിയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍, ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം പൂര്‍ത്തിയാവുമ്പോള്‍ മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ കഴിഞ്ഞ തവണ വഹിച്ച അത്രയും സ്ഥാനം കൈകാര്യം ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള ചെറു കക്ഷികള്‍ക്ക് ഇത്തവണ സ്ഥാനങ്ങള്‍ നഷ്ട്‌പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിന് പുറമെ കഴിഞ്ഞ തവണ ജനതാദള്‍ എസ് കൈകാര്യം ചെയ്തിരുന്ന കേരള വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസിന് നീക്കിവച്ചിട്ടുണ്ട്. മുന്നണിയിലെ മറ്റ് കക്ഷികളായ എന്‍സിപി, എല്‍ജെഡി, ജനതാദള്‍ എസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് രണ്ട് വീതം ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി എന്നീ പാര്‍ട്ടികള്‍ക്ക് ഒരോ സ്ഥാനങ്ങള്‍ നല്‍കാനുമാണ് ധാരണ.