kerala
മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍ അനുവാദം; മുഖ്യമന്ത്രി മറുപടി പറയട്ടെയെന്ന് പി സി ചാക്കോ
മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് മരംമുറിക്കാന്‍ അനുവാദം നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അനുമതിയെങ്കില്‍ അദ്ദേഹം അത് വ്യക്തമാക്കണമെന്ന് പി സി ചാക്കോ ആവശ്യപ്പെട്ടു. തന്റെ അറിവോടെയല്ല ഉദ്യോഗസ്ഥര്‍ മരംമുറിക്കാന്‍ അനുവാദം നല്‍കിയതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിതോടെയാണ് പിസി ചാക്കോയുടെ പ്രതികരണം.
മന്ത്രിയുടെ അനുമതിയില്ലാതെ ഉത്തരവിറക്കിയത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബേബി ഡാമിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മുല്ലപെരിയാറും ബേബി ഡാമും രാഷ്ട്രീയ ചര്‍ച്ച നടക്കുന്ന വിഷയങ്ങളായതിനാല്‍ തന്നെ അത്തരമൊരു വിഷയത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അത് ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ആലോചിച്ചാല്‍ മതിയാകില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ഫോറസ്റ്റ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.മരംമുറിക്കേണ്ട അടിയന്തിര സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അത് സര്‍ക്കാരിനെ ബോധിപ്പിക്കേണ്ട ബാധ്യതയുണ്ട്.
എന്നാല്‍ മുഖ്യമന്ത്രിയോ, ഇറിഗേഷന്‍ വകുപ്പോ, വനം വകുപ്പോ ഇത് അറിഞ്ഞിട്ടില്ല. അത് ഗുരുതര വീഴ്ച്ചയാണ്. കൂടുതല്‍ കാര്യങ്ങള്‍ സാഹചര്യം മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും എകെ ശശീന്ദ്രന്‍ കൂട്ടിചേര്‍ത്തു. സാധാരണ രീതിയിലുള്ള ഒരു മരം മുറിയാണെങ്കില്‍ ഉദ്യോഗസ്ഥ തലത്തില്‍ അനുമതി നല്‍കാം. എന്നാല്‍ മുല്ലപ്പെരിയാറോ ബേബി ഡാമോ അങ്ങനെയല്ല. തമിഴ്‌നാടുമായി നല്ല ബന്ധമാണ്. അത് നിലനിര്‍ത്തണമെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.