Headlines
Loading...
അറബിക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം, സംസ്ഥാനത്ത് തോരാമഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

അറബിക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം, സംസ്ഥാനത്ത് തോരാമഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം:മദ്ധ്യകിഴക്കൻ അറബിക്കടലിൽ കർണാടക തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുർടന്ന് വ്യാപക മഴയ്ക്ക് സാദ്ധ്യത. ക‌ർണാടകയ്ക്കും വടക്കൻ കേരളത്തിനും സമീപം മദ്ധ്യകിഴക്കൻ- തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. അടുത്ത നാൽപ്പത്തെട്ട് മണിക്കൂറിൽ ഇത് ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുലാവർഷ സീസണിലെ എട്ടാമത്തെ ന്യൂനമർദ്ദമാണിത്. ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്കും വടക്കൻ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. എന്നാൽ കേരളത്തിൽ നിന്നും അകന്ന് തുടങ്ങിയതിനാൽ കൂടുതൽ ഭീഷണി നേരിടില്ല.

കേരള- ലക്ഷദ്വീപ് തീരത്ത് നവംബർ പതിനാറിനും വടക്കൻ കേരള തീരത്ത് നവംബർ പതിനാറ് വരെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മണിക്കൂറിൽ നാൽപ്പത് മുതൽ അൻപത് കിലോമീറ്റർ വരെ വേഗതയിലും ചിലയവസരങ്ങളിൽ അറുപത് കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം പടി‌ഞ്ഞാറ്- വടക്ക് പടി‌ഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത ഇരുപ്പത്തിനാല് മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദ്ദമാകാനും സാദ്ധ്യതയുണ്ട്.