national
ഒമിക്രോണ്‍ ജാഗ്രത; അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങളുമായി കര്‍ണാടക
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങളുമായി കര്‍ണാടക. നിയന്ത്രണങ്ങളുടെ ഭാഗമായി ദേശീയപാത-66 തലപ്പാടിയില്‍ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. തിങ്കളാഴ്ചയോടെയാണ് ആരോഗ്യവകുപ്പ് ജീവനക്കാരും പൊലീസും ചേര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കിയത്.
ആര്‍ടിപിസിആര്‍ രേഖയില്ലാതെ വരുന്നവരെ പരിശോധിക്കാനും വിവരങ്ങള്‍ ശേഖരിച്ച് കടത്തിവിടാനും തീരുമാനമായി. നിത്യേനെയുളള യാത്രക്കാര്‍ 16 ദിവസത്തിലൊരിക്കല്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ റിപ്പോര്‍ട്ട് കൈയില്‍ കരുതണം.
കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്കാണ് കര്‍ണാടക പരിശോധന കര്‍ശനാമാക്കിയിട്ടുളളത്. ആര്‍ടിപിസിആര്‍ നെഗറ്റീവായ യാത്രക്കാര്‍ക്ക് മാത്രമാണ് കര്‍ണാടക ആര്‍ടിസിയുടെ മംഗളൂരു ബസില്‍ യാത്ര ചെയ്യാനുളള അനുമതി. ഇത് ഉറപ്പുവരുത്താനും ബസ് ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ 16 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
കേരളത്തില്‍ നിന്ന് അവധി കഴിഞ്ഞു വരുന്നവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതേസമയം, ചികിത്സയ്ക്ക് വരുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ആയിരിക്കും പരിശോധനയെന്ന് ദക്ഷിണ കന്നഡ ജില്ലാ കലക്ടര്‍ ഡോ കെവി രാജേന്ദ്ര വ്യക്തമാക്കി. മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് കേരളത്തില്‍ നിന്ന് ഭക്തര്‍ എത്തുന്നതിനാല്‍ ഉഡുപ്പി, ബൈന്ദൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.