kerala
ഇത്തവണ എട്ട് മലയാളികള്‍ക്ക് ഐഎഎസ്; പരിമിതികളെ മറികടന്ന് ഗോകുല്‍
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇത്തവണ ഉന്നത വിജയം നേടിയ മലയാളികളില്‍ എട്ട് പേര്‍ക്ക് ഐഎഎസ് കേഡര്‍. 357ാം റാങ്കുകാരനും കാഴ്ച പരിമിതി നേരിടുന്ന വ്യക്തിയുമായ എസ് ഗോകുല്‍ ഉള്‍പ്പെടെയാണ് ഐഎഎസ് സ്വന്തമാക്കിയത്. 57 ാം റാങ്കുകാരനായ വീണ എസ് സുതന്‍ ഐഎഫ്എസ് തെരഞ്ഞെടുത്തു.
ആറാം റാങ്ക് കാരിയായ കെ. മീര, ഡോ. മിഥുന്‍ പ്രേംരാജ് (12), കരിഷ്മ നായര്‍ (14), എം.ബി.അപര്‍ണ (62), ദീന ദസ്തിഗര്‍ (63) പി.എം. മിന്നു (150), അഞ്ജു വില്‍സണ്‍ (156), എസ്.ഗോകുല്‍ (357) എന്നിവരാണ് ഐഎഎസ് നേടിയ മറ്റുള്ളവര്‍.
കാഴ്ച പരിമിതികളുള്ളവര്‍ക്കുള്ള ക്വാട്ടയിലാണു എസ് ഗോകുലിന് ഐഎഎസ് ലഭിച്ചത്. ഇത് രണ്ടാം തവണയാണ് ഗോകുല്‍ റാങ്ക് പട്ടികയില്‍ ഇടം പിടിക്കുന്നത്. കഴിഞ്ഞ വര്‍ഷം 820ാം റാങ്ക് നേടി സിവില്‍ സര്‍വീസിലെത്തിയ ഗോകുല്‍ ഇത്തവണ നില മെച്ചപ്പെടുത്തി മുന്നിലേക്ക് എത്തുകയായിരുന്നു. ഡല്‍ഹിയില്‍ ആംഡ് ഫോഴ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു ആദ്യ നിയമനം.
കേരള പൊലീസില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യുന്നതിനിടെ സിവില്‍ സര്‍വീസ് വിജയിച്ച പി.എം. മിന്നുവാണ് മികച്ച നേട്ടം കൈവരിച്ച മറ്റൊരാള്‍. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ പോള്‍ രാജ് മരണത്തെ തുടര്‍ന്നായിരുന്നു മിന്നു കേരള പൊലീസിന്റെ ഭാഗമായത്. തന്റെ ആറാം തവണത്തെ ശ്രമത്തിലാണ് മിന്നു വലിയ നേട്ടം കൈവരിക്കുന്നത്.