Headlines
Loading...
ഇന്ത്യന്‍ നാവികസേനയുടെ 25ാമത് മേധാവിയായി വെെസ്. അഡ്മിറല്‍ ആർ ഹരികുമാർ

ഇന്ത്യന്‍ നാവികസേനയുടെ 25ാമത് മേധാവിയായി വെെസ്. അഡ്മിറല്‍ ആർ ഹരികുമാർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ 25ാമത് മേധാവിയായി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ (59) ചുമതലയേറ്റു. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് ആര്‍ ഹരികുമാര്‍ ചുമതല ഏറ്റെടുത്തു. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ആര്‍ ഹരികുമാര്‍.

രാജ്യത്തിന്റെ നാവികസേനയുടെ ചുമതല ഏറ്റെടുക്കാനായതില്‍ സന്തോഷമുണ്ടെന്നും തനക്കിത് അഭിമാന നിമിഷമാണെന്നും സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ആര്‍ ഹരികുമാര്‍ പ്രതികരിച്ചു. മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നതായും അവരുടെ പാത പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവല്‍ കമാന്‍ഡിന്റെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായി ഹരികുമാര്‍ ചുമതലയേറ്റെടുത്തത്. ആ ചുമതലയില്‍ നിന്നാണ് നാവികസേനാ മേധാവിയുടെ പദവിയിലേക്ക് അദ്ദേഹം എത്തുന്നത്.

തിരുവനന്തപുരം നീറമണ്‍കര മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു ഹരികുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ നിന്ന് ബിരുദവും ലണ്ടന്‍ കിങ്‌സ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും മുംബൈ സര്‍വകലാശാലയില്‍നിന്ന് എംഫിലും പൂര്‍ത്തിയാക്കി. 1979-ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്ന അദ്ദേഹം 1983 ജനുവരി ഒന്നിനാണ് നാവികസേനയുടെ ഭാഗമായത്.
ഐഎന്‍എസ് വിരാട്, ഐഎന്‍എസ് റണ്വീര്‍ തുടങ്ങി അഞ്ച് യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായും ആര്‍ രവികുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇന്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 2010-ല്‍ വിശിഷ്ടസേവാ മെഡല്‍, 2016-ല്‍ അതിവിശിഷ്ട സേവാ മെഡല്‍ , 2021-ല്‍ പരമോന്നത സേനാപുരസ്‌കാരമായ പരമവിശിഷ്ട സേവാമെഡല്‍ എന്നീ ബഹുമതികള്‍ക്ക് അര്‍ഹനായി. ഭാര്യ: കല നായര്‍. മകള്‍: അഞ്ജന നായര്‍.