Headlines
Loading...
സെന്‍ഗിണിയുടെ അവസ്ഥയില്‍ കണ്ണ് നിറഞ്ഞ് നടന്‍ ലോറന്‍സ്, രാജകണ്ണിന്റെ ഭാര്യയ്ക്ക് വീട് വെച്ച് നൽകുമെന്ന് താരം

സെന്‍ഗിണിയുടെ അവസ്ഥയില്‍ കണ്ണ് നിറഞ്ഞ് നടന്‍ ലോറന്‍സ്, രാജകണ്ണിന്റെ ഭാര്യയ്ക്ക് വീട് വെച്ച് നൽകുമെന്ന് താരം

ജയ് ഭീം സിനിമയ്ക്ക് പ്രചോദനമായ സംഭവത്തില്‍ പോലീസ് ലോക്കപ്പില്‍ കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യ പാര്‍വതിയ്ക്ക് സഹായവുമായി നടന്‍ രാഘവ ലോറന്‍സ്. ആദിവാസികളിലെ കുറവ വിഭാഗത്തില്‍പ്പെട്ട പാര്‍വതിയുടെ കഥ ചിത്രം പുറത്തിറങ്ങിയ ശേഷമാണ് ചര്‍ച്ചയായത്. ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് രാജക്കണ്ണ് പോലീസ് ലോക്കപ്പില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. രാജക്കണ്ണിന്റെ കൊലപാതകം പോലീസ് മറച്ചു പിടിക്കുന്നതും ഗര്‍ഭിണിയായ ഭാര്യ രാജക്കണ്ണിന് വേണ്ടി നിയമപോരാട്ടം നടത്തുന്നതുമാണ് കഥ.

സിനിമയുടെ സെന്‍ഗിണി എന്ന കഥാപാത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പാര്‍വതിയുടെ ജീവിതം. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാര്‍വതി കുടുംബ സമേതം താമസിക്കുന്നത്.

പാര്‍വതിയുടെ കഥ മാധ്യമങ്ങളില്‍ നിന്നാണ് രാഘവ ലോറന്‍സ് അറിഞ്ഞത്. പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നല്‍കുമെന്ന് നടന്‍ അറിയിച്ചു.

രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദുഖം തോന്നുന്നു.

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം നവംബര്‍ 2 ന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. 1995 ല്‍ മോഷണമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അഭിഭാഷകനായിരുന്ന കെ. ചന്ദ്രുവും സംഘവും നടത്തിയ ഈ പോരാട്ടത്തിലൂടെ നീതി തേടുന്ന കഥയില്‍ സൂര്യ, ലിജി മോള്‍ ജോസ്, കെ. മണികണ്ഠന്‍, രജിഷ വിജയന്‍, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. 2ഡി എന്റര്‍ടൈന്മെന്റിന് കീഴില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.