kerala
മരണാനന്തര ചടങ്ങുകൾക്ക് മാറ്റിവെച്ച 1 ലക്ഷം രൂപ കള്ളന്മാർ കൊണ്ടുപോയി; സ്വന്തം പോക്കറ്റിൽ പണം നൽകി ഐപിഎസുകാരൻ
വർഷങ്ങളുടെ കഠിനാദ്ധ്വാനത്തിലൂടെയാണ് 90 വയസുകാരനായ വഴിയോര കച്ചവടക്കാരൻ അബ്ദുൾ റഹ്മാൻ ഒരു ലക്ഷം രൂപ സമ്പാദിച്ചത്. ജീവിക്കാനുള്ള പണം മാത്രമെടുത്ത് ബാക്കി സൂക്ഷിവെച്ചതാകട്ടെ മരണാനന്തര ചടങ്ങുകൾക്കും. എന്നാൽ ദിവസങ്ങൾക്ക് മുൻപ് അബ്ദുൾ റഹ്മാന്റെ സമ്പാദ്യമെല്ലാം ചില കള്ളന്മാർ കൊണ്ടുപോയി. റഹ്മാനെ ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു പണം കവർന്നത്.വാർത്ത സമൂഹ മാധ്യമങ്ങളിൽ വരെ വലിയ ചർച്ചയായി.
90കാരന് ഇനിയധികം കാലഘട്ടമില്ലെന്നും ഈ തുക തിരികെ സമ്പാദിക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നും അഭിപ്രായമുയർന്നു. ഇതിനിടെയാണ് റഹ്മാന്റെ കഥ ശ്രീനഗർ പൊലീസ് ചീഫ് ഡോ. സന്ദീപ് ചൗധരി അറിയുന്നത്. പൊലീസിൽ റഹ്മാൻ നൽകിയ പരാതിയിൽ കാര്യമായ കണ്ടെത്തലുകളൊന്നുമുണ്ടായിരുന്നില്ല.
അതുകൊണ്ടു തന്നെ സന്ദീപ് ചൗധരിയുടെ ഔദ്യോഗിക ഇടപെടലിനും പരിധിയുണ്ടായിരുന്നു.എന്നാൽ സ്വന്തം പോക്കറ്റിൽ നിന്ന് അബ്ദുറഹ്മാന് നഷ്ടമായ തുക നൽകാൻ ശ്രീനഗർ പൊലീസ് ചീഫ് തീരുമാനിച്ചു. ചൗധരി നേരിട്ട് റഹ്മാന്റെ അടുത്തെത്തി സ്വന്തം സമ്പാദ്യത്തിൽ നിന്നും ഒരു ലക്ഷം രൂപ സമ്മാനിച്ചു. കള്ളന്മാർ ഒരിക്കലും രക്ഷപ്പെടില്ലെന്നും റഹ്മാന് വാക്കുനൽകുകയും ചെയ്തു.