
kerala
'വധശിക്ഷയേക്കാള്‍ നല്ലത് ഇരട്ട ജീവപര്യന്തം': ഉത്ര വധക്കേസ് വിധിയില്‍ വാവ സുരേഷ്
ഉത്ര വധക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വാവ സുരേഷ്. ഇത് ഒരു ടീം വര്‍ക്കിന്റെ കൂടി വിജയമാണ്. സൂരജ് എന്ന് പ്രതിയെ തൂക്കാന്‍ വിധിക്കുന്നതിലും നല്ലത് ഇരട്ട ജീവപര്യന്തമാണെന്ന് വാവ സുരേഷ് പ്രതികരിച്ചു.
'കോടതി വിധിയെ മാനിക്കുന്നു. കേരളത്തില്‍ ഇത്തരമൊരു കേസ് ഇതാദ്യമായാണ്. ഇന്ത്യയില്‍ തന്നെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് ഒരു ടീം വര്‍ക്കിന്റെ കൂടി വിജയമാണ്. സൂരജ് എന്ന് പ്രതിയെ തൂക്കാന്‍ വിധിക്കുന്നതിലും നല്ലത് ഇരട്ട ജീവപര്യന്തമാണ്. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവും വിഷം ഉള്ള ജീവിയെകൊണ്ട് കടിപ്പിച്ച് കൊന്നതിന് പത്ത് വര്‍ഷവും ഇരട്ട ജീവപര്യന്തവും ഉണ്ട്. ശിഷ്ടകാലം മുഴുവന്‍ ജയിലില്‍ കിടക്കണം. തൂക്കികൊല്ലാന്‍ വിധിച്ചാല്‍ അത് ഒഴിവാക്കാന്‍ കുറേ സംഘടനകള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതിനേക്കാള്‍ നല്ലത് ഈ വിധിയാണ്. അണലിയുടെ കടിയേറ്റ സമയത്തേ എനിക്ക് സംശയമുണ്ടായിരുന്നു.' വാവ സുരേഷ് പറഞ്ഞു.
അതേസമയം കോടതി വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ പ്രതികരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നുമായിരുന്നു അമ്മ വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്.
'ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നത്. പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നു. ശിക്ഷയില്‍ തൃപ്തരല്ല. അപ്പീല്‍ പോകാനുള്ള സാഹചര്യം പരിശോധിക്കും. തുടര്‍നടപടികളിലേക്ക് പോകും. ഇത്രയും കുറ്റകൃത്യം ചെയ്ത പ്രതിക്കും ശിക്ഷ ലഭിച്ചില്ലെങ്കിലും നമ്മുടെ സമൂഹം എങ്ങോട്ട് പോകുന്നുവെന്ന് നിങ്ങള്‍ തന്നെ പരിശോധിക്കുക.' അമ്മ പറഞ്ഞു.
വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്. പ്രതിയുടെ പ്രായമടക്കം പരിഗണിച്ചാണ് വധ ശിക്ഷ ഒഴിവാക്കി 302 വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനൊപ്പം ഏഴു വര്‍ഷം തടവുശിക്ഷയും അനുഭവിക്കണം. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.