രാത്രി പാറപ്പുറത്ത്, വിശപ്പടക്കാന്‍ ബിസ്‌കറ്റ്; കഞ്ചാവ് വേട്ടയ്ക്കിറങ്ങി കാട്ടിൽ കുടുങ്ങി പോലീസ്
പാലക്കാട്: കഞ്ചാവുവേട്ടയ്ക്കിറങ്ങി വഴിയറിയാതെ ഉൾവനത്തിൽക്കുടുങ്ങിയ പോലീസ് സംഘത്തിലെ 14 പേരെയും ഒരുരാത്രിനീണ്ട ആശങ്കകൾക്കൊടുവിൽ തിരിച്ചെത്തിച്ചു. മലമ്പുഴവനത്തിൽ പരിശോധന നടത്താനിറങ്ങിയ പാലക്കാട് നർക്കോട്ടിക് ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരെയാണ് ഒന്നരദിവസത്തിനുശേഷം വനത്തിന് പുറത്തെത്തിച്ചത്. വനംവകുപ്പിന്റെയും ആദിവാസികളുടെയും നേതൃത്വത്തിലുള്ള തിരച്ചിൽ സംഘമാണ് ഇവരെ കണ്ടെത്തിയത്.
മലമ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ്.എച്ച്.ഒ. ബി. സുനിൽ കുമാർ, വാളയാർ സബ് ഇൻസ്പെക്ടർ രാജേഷ്, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ. ജലീൽ എന്നിവരടക്കമുള്ള പോലീസുദ്യോഗസ്ഥരും മാവോവാദിവിരുദ്ധ സേനാംഗങ്ങളുമാണ് കാട്ടിനകത്ത് കുടുങ്ങിയത്. പാറപ്പെട്ടിയെന്ന സ്ഥലത്ത് കഞ്ചാവുചെടി വളർത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കാടുകയറിയത്. മലമ്പുഴയിൽനിന്ന് അയ്യപ്പൻപൊറ്റ, ചാക്കോളാസ് എസ്റ്റേറ്റ് വഴി 15 കിലോമീറ്ററിലധികം സഞ്ചരിച്ച് ഉൾക്കാട്ടിലേക്ക് പ്രവേശിച്ച സംഘം, കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും വഴിയറിയാതെ കുടുങ്ങി. ഇന്റർനെറ്റ് സംവിധാനം പൂർണമായി നിലച്ചതും വഴികണ്ടെത്താൻ പ്രയാസമുണ്ടാക്കി.
സംഘത്തിലുള്ളവർ വെള്ളിയാഴ്ച രാത്രിതന്നെ പോലീസുകാരെ ഫോണിൽ വിവരമറിയച്ചതോടെയാണ് ഇവർ കാട്ടിൽക്കുടുങ്ങിയ വിവരമറിഞ്ഞത്. രാത്രിയിൽ രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ ദൗത്യം ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച രണ്ടുസംഘങ്ങളായി തിരിഞ്ഞാണ് വഴിതെറ്റിയവരെ കണ്ടെത്താൻ പുറപ്പെട്ടത്. പുതുശ്ശേരി നോർത്ത് വനംവകുപ്പ് സെക്ഷൻ ഓഫീസിൽനിന്ന് എട്ടംഗസംഘവും കൊട്ടേക്കാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽനിന്ന് 11 അംഗങ്ങളുള്ള മറ്റൊരു സംഘവും പുലർച്ചെ അഞ്ചരയോടെ തിരച്ചിലിനിറങ്ങി. ഉച്ചയ്ക്ക് 12.30-ഓടെ ആട്ടുമലചോലയെന്ന സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്.
കാട്ടിൽ ഒരുരാത്രി മുഴുവൻ പാറപ്പുറത്ത് ഇരിക്കയായിരുന്നെന്ന് പുറത്തെത്തിയശേഷം നർക്കോട്ടിക് ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസൻ പറഞ്ഞു. കനത്തമഴയും കോടമഞ്ഞുമാണ് വഴിതെറ്റാൻ കാരണമായത്. കൈയിൽക്കരുതിയിരുന്ന ബിസ്ക്കറ്റും മറ്റുമായിരുന്നു രാത്രിയിലെ ഭക്ഷണം. വന്യമൃഗങ്ങളുടെ ശല്യമുണ്ടായില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
രഹസ്യം സൂക്ഷിക്കാൻ കാടുകയറി
വനംവകുപ്പിനെ ഒപ്പം കൂട്ടിയാണ് കാട് കയറേണ്ടതെങ്കിലും ചില അടിയന്തര സാഹചര്യങ്ങളിൽ അതിന് സാധിക്കാറില്ലെന്ന് നർക്കോട്ടിക് ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസൻ. കാട്ടിൽനിന്ന് തിരിച്ചെത്തിയ ശേഷമായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വിളവെടുപ്പ് നടക്കുന്നുവെന്ന വിവരം കിട്ടിയത്. പെട്ടെന്ന് കഞ്ചാവ് നശിപ്പിക്കേണ്ടതിനാലും വിവരം രഹസ്യമാക്കി സൂക്ഷിക്കേണ്ടതിനാലും ആണ് പെട്ടെന്ന് കാട് കയറിയത്. ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചിരുന്നു. ലഭിച്ച രഹസ്യവിവരം പൂർണമായും ശരിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മഴ, ഇരുട്ട്, അട്ട... വന്യതയിൽ ഒരു രാത്രി
'ഞങ്ങൾ ഉൾവനത്തിത്തിലേക്ക് കടന്നതും മഴ കനത്തു... നിലയ്ക്കാതെ പെയ്ത മഴയിൽ വഴികളിൽ ചെളിനിറഞ്ഞു. മെല്ലെ മുന്നോട്ട് നീങ്ങിയെങ്കിലും ഫോണിൽ റെയിഞ്ച് പോയതോടെ ഇന്റർനെറ്റ് കിട്ടാതായി. ഒന്ന് ഫോൺവിളിക്കാൻ പോലും കഴിയാത്ത സ്ഥിതി. വൈകാതെ കാട് മുഴുവൻ കോടമഞ്ഞിൽ മുങ്ങി. ഇതോടെ മുന്നിലുണ്ടായ വഴികൾ കാണാതായി.' -കഞ്ചാവ് വേട്ടക്കിറങ്ങി വഴിയറിയാതെ ഉൾവനത്തിൽ കുടുങ്ങിയ സംഘത്തിലെ നർക്കോട്ടിക് ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസനും മലമ്പുഴ ഇൻസ്പെക്ടർ സുനിൽ കൃഷ്ണനും ഒരുരാത്രി കാടിനകത്ത് കഴിഞ്ഞതിന്റെ അനുഭവങ്ങൾ ഓരോന്നായി പങ്കിട്ടു.