national
സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം; ബിജെപി നേതാവ് അറസ്റ്റില്‍
ചെന്നൈ: ട്വിറ്ററിലൂടെ അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായി പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ആര്‍ കല്യാണരാമനെ ചെന്നൈ പൊലീസ് അറസ്റ്റുചെയ്തു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ കരുണാനിധി, നടി ഡോ. ശര്‍മ്മിള എന്നിവര്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ ഡിഎംകെ ധര്‍മ്മപുരി എംപി സെന്തില്‍കുമാര്‍, വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ) പാര്‍ട്ടി അഭിഭാഷകന്‍ മാ ഗോപിനാഥ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.
വിരുഗമ്പാക്കത്ത് നിന്ന് പിടികൂടിയ ബിജെപി നേതാവിനെ പിന്നീട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഐപിസി 153 (എ), 505 (2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നേതാവിന്റെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
സമാന പരാമര്‍ശങ്ങളുള്ള ട്വീറ്റുകളുടെ പേരില്‍ കല്യാണരാമനെതിരെ നിരവധി കേസുകള്‍ മുന്‍പും രജിസ്റ്റര്‍ ചെയ്യപ്പെട്ടുണ്ട്. ഭാരതീയ ജനതാ മസ്ദൂര്‍ മഹാസംഘത്തിന്റെ മുന്‍ ദേശീയ സെക്രട്ടറിയായിരുന്ന കല്യാണരാമന്‍ രണ്ടു തവണ അറസ്റ്റിലുമായിട്ടുണ്ട്.
2021 ഫെബ്രുവരിയില്‍, ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്ലീം സമുദായത്തെ ലക്ഷ്യം വച്ച് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ബിജെപി നേതാവിനെതിരെ പൊലീസ് ഗുണ്ടാ നിയമം ചുമത്തിയെങ്കിലും പിന്നീട് മദ്രാസ് ഹൈക്കോടതി ഇത് റദ്ദാക്കി. 2016-ലും സമാന പരാമര്‍ശങ്ങളുടെ പേരിലാണ് ആര്‍ കല്യാണരാമന്‍ അറസ്റ്റിലായത്.