kerala
മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് ഉണ്ടായത് 17.54 കോടിയുടെ നഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്ത കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് ഉണ്ടായത് 17.54 കോടിയുടെ നഷ്ടം. കോട്ടയം ജില്ലയില്‍ മാത്രം 2.8 കോടിയുടെ നാശ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. 6400 വൈദ്യുതി കമ്പികള്‍പൊട്ടി വീണു. 5,20,000 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം തകരാറിലായി. ഇതില്‍ 4.5 ലക്ഷം കണക്ഷനുകള്‍ പുനസ്ഥാപിച്ചതായും ബാക്കിയുള്ള നാല്‍പ്പത്തി അയ്യായിരം കണക്ഷനുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുമെന്നും കെഎസ് ഇബി ചെയര്‍മാന്‍ ഡോ. ബി അശോക് അറിയിച്ചു
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുകയും വൈദ്യുതി നിര്‍മ്മാണം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും നിലവില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാളെ ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ നിയന്ത്രണങ്ങളോടെ തുറക്കും. പമ്പ അണക്കെട്ടിന് സംഭരണ ശേഷി വളരെ കുറവാണെന്നതിനാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. പമ്പ കല്ലാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2018 ലെ പ്രളയം കണക്കിലെടുത്താണ് മുന്‍കരുതലായി ഇടുക്കി അണക്കെട്ട് തുറക്കുന്നത്. എന്നാല്‍ 2018 നെ അപേക്ഷിച്ച് പത്തിലൊന്ന് കുറവ് വെള്ളം മാത്രമാണ് തുറന്നുവിടുക. നാളെ രാവിലെ പതിനൊന്ന് മുതല്‍ രണ്ട് ഷട്ടര്‍ 50 സെന്റിമീറ്റര്‍ വീതം തുറക്കും. സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് 2395 അടിയിലെത്തിക്കാനാണ് ഉദേശിക്കുന്നത്. എന്നാല്‍ ഡാമിലേക്കുള്ള ഒഴുക്ക് അനുസരിച്ച് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റം വരാം. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.