
kerala
'പ്രതിസന്ധിയില്‍ ഒപ്പം നില്‍ക്കാത്തവര്‍ കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളാത്തവര്‍': ഷാഫി പറമ്പില്‍
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേരുന്ന കെപി അനില്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ.പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കാത്തവര്‍ കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളാത്തവരാണെന്ന് ഷാഫ് പറമ്പില്‍ വിമര്‍ശിച്ചു.
അനില്‍ കുമാറിന്റെ അത്ര അവസരം ലഭിക്കാത്ത ധാരാളം പ്രവര്‍ത്തകരിപ്പോഴും കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റോ കെപിസിസി ഭാരവാഹിയോ ആകാത്തവരാണ് നിരവധി പേരെന്നും ഷാഫിപറമ്പില്‍ കൂട്ടി ചേര്‍ത്തു.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കെപി അനില്‍കുമാര്‍ എകെജി സെന്ററിലെത്തി. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തില്ലെന്നും അന്തസോടെ ആത്മാഭിമാനത്തോടെ പൊതുപ്രവര്‍ത്തനം തുടരുമെന്നുമാണ് കെപി അനില്‍കുമാര്‍ സിപിഐഎമ്മില്‍ ചേരുമെന്ന അറിയിപ്പിനിടെ പറഞ്ഞത്. കോടിയേരി ബാലകൃഷ്ണനാണ് കെപി അനില്‍കുമാറിനെ സ്വീകരിക്കുന്നത്. ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചതായി പ്രഖ്യാപിക്കുന്നത്.
ഏകാധിപത്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്. നീതി നിഷേധത്തിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നെന്നും അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞു.